അക്ഷിക വീട്ടിലെ ചുമരിൽ വരച്ച ചിത്രങ്ങൾ
കാരക്കോണം(നെയ്യാറ്റിന്‍കര): കുട്ടിക്കാലം മുതലേ ചിത്രങ്ങള്‍ വരയ്ക്കാറുണ്ടായിരുന്നു അക്ഷിക. വീട്ടിലെ ചുമരെല്ലാം അക്ഷികയുടെ കാന്‍വാസാണ്. നാട്ടുകാര്‍ക്കും അവളെക്കുറിച്ച് പറയാന്‍ നല്ല വാക്കുകള്‍ മാത്രം.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അക്ഷികയെ കഴിഞ്ഞ ദിവസം കാമുകന്‍ അനു സോഡാകുപ്പി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
പെയിന്ററായ അച്ഛന്‍ അജിത്തും അമ്മ കാരക്കോണത്തെ സ്വകാര്യ സ്‌കൂളിലെ ആയയായ സീമയും മകളുടെ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പഞ്ചായത്തില്‍നിന്നു ലഭിച്ച ചെറിയ വീടിന്റെ ചുമരിലെല്ലാം അക്ഷികയുടെ രചനകളുണ്ട്.
മുറിയിലേക്കു കയറുമ്പോള്‍ കാണുന്നത് അക്ഷിക വരച്ച ഉറങ്ങുന്ന പൂച്ചയുടെ ചിത്രമാണ്. പ്ലസ്ടു കഴിഞ്ഞ ശേഷം തിരുവനന്തപുരം വനിതാ കോളേജിലെ തുടര്‍പഠനകേന്ദ്രത്തില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സിനു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അക്ഷിക.
ആഴ്ചയില്‍ മൂന്നുദിവസമാണ് ക്ലാസുള്ളത്. തിങ്കളാഴ്ച ക്ലാസിനു പോകേണ്ടതായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ സ്ഥാപനത്തില്‍ പോകാന്‍ കാശില്ലാത്തതിനാലാണ് പോകാതിരുന്നത്.
രണ്ടു ദിവസം മുന്‍പ് സഹോദരനോടൊപ്പം കാരക്കോണത്തെ ബാങ്കില്‍ പോകുമ്പോള്‍ അനു പിന്നാലെ വന്നിരുന്നു. ഇക്കാര്യം വീട്ടിലെത്തി അക്ഷിക രക്ഷാകര്‍ത്താക്കളോടു പറഞ്ഞിരുന്നു.
അക്ഷികയെ വീട്ടില്‍ക്കയറി കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ അനു ജീവനൊടുക്കി. അക്ഷികയെ സോഡാക്കുപ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം ഇയാള്‍ കത്തികൊണ്ട് സ്വയം കഴുത്തറക്കുകയായിരുന്നു.
കാരക്കോണം പുല്ലന്തേരി കുന്നുവിള തുറ്റിയോട്ടുവീട്ടില്‍ അജിത്തിന്റെയും സീമയുടെയും മകള്‍ അമ്മു എന്ന അക്ഷിക(19)യെയാണ് കൊലപ്പെടുത്തിയത്. സമീപവാസി കാരക്കോണം രാമവര്‍മന്‍ചിറ ചെറുപുരകാല പുത്തന്‍വീട്ടില്‍ അനു(24) ആണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ഒന്‍പതരയ്ക്ക് അക്ഷികയുടെ വീട്ടിലായിരുന്നു സംഭവം. പ്രണയനൈരാശ്യമാണ് കൊലയ്ക്കു പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Content Highlight: Man slits lover's throat in Thiruvanathapuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..