മുഖ്യപ്രതി ടി.കെ. റഫീക്ക്
കോഴിക്കോട്: പറമ്പിൽ ബസാറിലെ മമ്മാസ് ആൻഡ് പപ്പാസ് തുണിഷോപ്പ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസം തീവെച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.
താമരശ്ശേരി മഞ്ജു ചിക്കൻ സ്റ്റാൾ ഉടമ താമരശ്ശേരി രാരോത്ത് പാലയക്കോടൻ ടി.കെ. റഫീക്ക് (45) ആണ് പോലീസ് പിടിയിലായത്. ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടുനിലയുള്ള റെഡിമെയ്ഡ് ഷോറൂം പുലർച്ചെ എത്തിയ സംഘം തീവെച്ച് നശിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ക്രൈംസ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ റഫീക്ക് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. റഫീഖ് വിദേശത്ത് നിന്നെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്ത് ചേവായൂർ സ്റ്റേഷനിൽ കൊണ്ടുവന്നു അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
മുഖ്യപ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപ്പെട്ടതുമായുള്ള വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായതെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഷാലു മുതിരപറമ്പത്ത്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, സുമേഷ്, ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.മാരായ അജീഷ് എൻ, പി.എസ്. ജെയിംസ്, സീനിയർ സി.പി.ഒ. രാജീവ് കുമാർ പാലത്ത്, സി.പി.ഒ. ടി.എം. സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..