എടിഎമ്മിൽ പെട്രോൾ ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യം. ഇൻസെറ്റിൽ അറസ്റ്റിലായ സുബിൻ സുകുമാരൻ
കളമശ്ശേരി: കുസാറ്റ് കാമ്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം. മെഷീന് തീയിട്ടയാൾ പോലീസ് പിടിയിൽ. പൂഞ്ഞാർ മറ്റക്കാട് സ്വദേശി കല്ലിടയിൽ വീട്ടിൽ സുബിൻ സുകുമാരനെ (33) യാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. തീയിടുന്നതിനിടെ ഇയാൾക്കും പൊള്ളലേറ്റിരുന്നു.
കുസാറ്റ് കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന സുബിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ വൈരാഗ്യമാണ് തീയിടാൻ കാരണമെന്ന് പോലീസ് പറഞ്ഞു.
എറണാകുളം നോർത്തിലെ ഉഡുപ്പി ലോഡ്ജിൽ താമസിച്ചിരുന്ന പ്രതിയെക്കുറിച്ച് എറണാകുളം നോർത്ത് പോലീസിന് വിവരം ലഭിച്ചിരുന്നു. കവിളിലും മൂക്കിലും കൈക്കും പൊള്ളലേറ്റ നിലയിൽ പ്രതി ഇവിടെ താമസിക്കുന്നുണ്ടെന്ന വിവരം നോർത്ത് പോലീസ് കളമശ്ശേരി പോലീസിന് കൈമാറി. തുടർന്ന് കളമശ്ശേരി ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കുസാറ്റ് കോമൺ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയ്ക്ക് സമീപത്തെ എ.ടി.എം. കൗണ്ടറിലെ രണ്ട് മെഷീനുകളിൽ ഒന്നിനാണ് പ്രതി തീയിട്ടത്. മെഷീനിൽ നിന്ന് ഞായറാഴ്ച വൈകീട്ട് ഏഴേമുക്കാലോടെ തീയും പുകയും വരുന്നത് സെക്യൂരിറ്റി ജീവനക്കാർ കണ്ടു. ഇത് വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണെന്നാണ് കരുതിയത്. തിങ്കളാഴ്ചയാണ് കളമശ്ശേരി പോലീസിൽ വിവരം അറിയിച്ചത്. യുവാവ് എ.ടി.എം. കൗണ്ടറിനകത്തേക്ക് കടന്നു വന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്ന സി.സി.ടി.വി. ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.
2017-ൽ കുസാറ്റിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനായി സേവനം അനുഷ്ഠിച്ചിരുന്നയാളാണ് പ്രതി. 2018-ൽ ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഫോൺ സന്ദേശം നൽകിയതിന് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റു പല കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..