മന്ദാകിനി, ബൈജു
വൈക്കം: മദ്യലഹരിയില്‍ അമ്മയുമായി കലഹിച്ച മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച ശേഷം വീടിനുമുന്നിലെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മകനെ കീഴ്പ്പെടുത്തി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. വൈക്കപ്രയാര്‍ കണിയാംതറ താഴ്ചവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി (72) ആണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.
സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് നാടിനെ വിറപ്പിച്ച സംഭവത്തിന്റെ തുടക്കം. വെള്ളം കയറുന്ന വീട്ടിലേക്ക് വഴിയില്ല. മന്ദാകിനിയുടെ സമീപത്ത് താമസിക്കുന്ന മൂത്ത മകന്‍ ബിജു വീട്ടിലേക്ക് വഴി തീര്‍ക്കുന്നതിനായി മണ്ണ് ഇറക്കി നിരത്തിക്കൊണ്ടിരുന്നപ്പോള്‍ മന്ദാകിനി ഇളയ മകനായ ബൈജുവിനോട് മണ്ണ് വിരിക്കാന്‍ സഹായിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വഴക്കുണ്ടാക്കിയത്. അമ്മയെ മര്‍ദിച്ചപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
വാഹന അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ള ബൈജു (38) മദ്യപിച്ചുകഴിഞ്ഞാല്‍ അക്രമാസക്തനാകുന്നതിനാല്‍ അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിച്ച് പോലീസ് മടങ്ങി. പിന്നീട് 3.30-ഓടെ അമ്മയുമായി വീണ്ടും വഴക്കുകൂടിയ ബൈജു നെഞ്ചില്‍ ഇടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. അവശയായ മന്ദാകിനിയെ വീടിനുമുന്നിലെ മാലിന്യം നിറഞ്ഞതോട്ടില്‍ ചവിട്ടി താഴ്ത്തുകയായിരുന്നു. മകന്റെ കാല്‍ക്കീഴില്‍ക്കിടന്ന് പിടയുന്ന അമ്മയെ രക്ഷിക്കാന്‍ ബന്ധുക്കളും സമീപവാസികളും ഓടി വന്നെങ്കിലും ബൈജു അരിവാള്‍ വീശി ഭയപ്പെടുത്തിയതിനാല്‍ ആരും അടുത്തില്ല. ഇതിനിടയില്‍ സമീപവാസിയായ വാവച്ചന്‍ പിന്നിലൂടെ എത്തി ബൈജുവിനെ പിടിച്ചുനിര്‍ത്തിയപ്പോഴാണ് മറ്റുള്ളവര്‍ മന്ദാകിനിയെ കരയ്ക്കുകയറ്റിയത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മന്ദാകിനി മരിച്ചു. പോലീസ് ബൈജുവിനെ കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് സുപ്രണ്ട് ഡി.ശില്‍പ്പ, വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ്, സി.ഐ. കൃഷ്ണന്‍ പോറ്റി, എസ്.ഐ. അജ്മല്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..