കൊല്ലപ്പെട്ട സനൽ, പ്രതി അരുൺ
പൂച്ചപ്ര: മദ്യപിക്കുന്നതിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കല്ലംപ്ലായ്ക്കല്‍ സനലി(45)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ചേലംപ്ലാക്കല്‍ അരുണി(ഉണ്ണി-40)നെ ശനിയാഴ്ച രാത്രി പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അരുണിന്റെ വീട്ടില്‍ കൊല്ലപ്പെട്ട സനല്‍ എത്തുകയും സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ പോയതിന് ശേഷമാണ് ഇരുവരും തമ്മില്‍ പ്രശ്‌നം ഉണ്ടാകുന്നത്. മുന്‍പ് അരുണ്‍ തന്റെ മൊബൈല്‍ കേടുവരുത്തിയെന്നും വേറൊരെണ്ണം വാങ്ങിത്തരണമെന്നും സനല്‍ ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. പ്രകോപിതനായ അരുണ്‍ വാക്കത്തി ഉപയോഗിച്ച് സനലിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുവച്ചുതന്നെ സനല്‍ മരിച്ചു. സനലിനെ കൊലപ്പെടുത്തിയശേഷം ഉണ്ണി അയല്‍വാസി അനന്തുവിന്റ വീട്ടിലെത്തി താന്‍ ഒരാളെ കൊന്ന് വീട്ടില്‍ ഇട്ടിട്ടുണ്ടെന്ന് പറയുകയും പോലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അരുണ്‍ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
വിവരം അറിഞ്ഞ കാഞ്ഞാര്‍ പോലീസ് ഉടന്‍ സ്ഥലത്തെത്തി. ഞാറാഴ്ച രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്കയച്ചത്. സനലിന്റെ ഭാര്യ മായ.
തൊടുപുഴ ഡിവൈ.എസ്.പി. എ.ജി.ലാല്‍, കാഞ്ഞാര്‍ സി.ഐ. സോള്‍ജിമോന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. ജിബിന്‍ തോമസ്, എസ്.ഐ.മാരായ ഉബൈസ്, സജി പി.ജോണ്‍ എ.എസ്.ഐ. സാംകുട്ടി, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ.സാനു എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഫൊറന്‍സിക് സയന്റിഫിക് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..