ലഖ്‌നൗ: രണ്ട് വയസ്സുള്ള മകളെ അച്ഛന്‍ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിന് സമീപം കാക്‌റൗലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന നരബലിയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് വാജിദ്(30) ഇയാളുടെ സുഹൃത്തും ദുര്‍മന്ത്രവാദിയുമായ ഇര്‍ഫാന്‍(28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വാജിദിന്റെ ഭാര്യ രഹനയാണ് ഇരുവര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കിയത്.
ഇഷ്ടികക്കളത്തിലെ തൊഴിലാളിയായ വാജിദ് ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താമസം. ഇയാളുടെ കൂടെ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്നയാളാണ് ഇര്‍ഫാന്‍. ഇഷ്ടികക്കളത്തിലെ ജോലിക്ക് പുറമേ ദുര്‍മന്ത്രവാദം നടത്തുന്നയാളും കൂടിയാണ് ഇര്‍ഫാന്‍. ഇയാളാണ് കുടുംബത്തിന് സമാധാനവും ഐശ്വര്യവും വേണമെങ്കില്‍ മകളെ ബലി നല്‍കണമെന്ന് നിര്‍ദേശിച്ചത്.
ഇതനുസരിച്ചാണ് ഞായറാഴ്ച രാത്രി വാദിജ് രണ്ട് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വയലില്‍ രഹസ്യമായി കുഴിച്ചുമൂടി.
എന്നാല്‍ സംഭവമറിഞ്ഞതോടെ വാജിദിന്റെ ഭാര്യ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി വാജിദിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. സംഭവമറിഞ്ഞ് ഇര്‍ഫാന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെയും പിന്നീട് പിടികൂടി.
ഇര്‍ഫാന്‍ നിര്‍ദേശിച്ചതനുസരിച്ച് മകളെ ബലി നല്‍കിയെന്നാണ് വാജിദും ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് ഇക്കാര്യം മാറ്റിപ്പറഞ്ഞു. വീട്ടില്‍ പൂജ നടത്താന്‍ മാത്രമാണ് ഇര്‍ഫാന്‍ ആവശ്യപ്പെട്ടതെന്നും മകള്‍ തന്റെ പഴയ കാമുകിയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെയും കുഴപ്പിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രതികള്‍ക്കെതിരെ നിലവില്‍ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: man killed his daughter in up, suspect human sacrifice
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..