ഹൈദരാബാദ്: ഭാര്യയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശിയായ ഹേമന്ത് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഹൈദരാബാദിലാണ് സംഭവം നടന്നത്. ദുരഭിമാന കൊലപാതകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വ്യത്യസ്ത ജാതിയില്‍പ്പെട്ട ഹേമന്തും അവന്തിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ ഈ വര്‍ഷം ജൂലായില്‍ ഇരുവരും വിവാഹിതരായി. തുടര്‍ന്ന് ഇവര്‍ ഗാച്ചിബൗളിയിലെ ടിഎന്‍ജിഒ കോളനിയില്‍ താമസിച്ചുവരികയായിരുന്നു.
വ്യാഴാഴ്ച രാവിലെ അവന്തിയുടെ കുടുംബാംഗങ്ങള്‍ ഇവരെ വിളിക്കുകയും പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനായി വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇക്കാര്യം ഹേമന്ത് സ്വന്തം കുടുംബത്തെ അറിയിച്ചു. അവരോടും വീട്ടിലേയ്ക്ക് എത്താന്‍ ആവശ്യപ്പെട്ടു.
ഹേമന്തിന്റെ അച്ഛന്‍ വീട്ടിലെത്തിയപ്പോഴാണ് ഹേമന്തിനെയും അവന്തിയെയും അവന്തിയുടെ വീട്ടുകാര്‍ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതായി അറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം അവരുടെ വാഹനത്തെ പിന്തുടര്‍ന്നു. എന്നാല്‍ കണ്ടെത്താനായില്ല. ഗോപന്‍പള്ളിയില്‍വെച്ച് അവന്തി വീട്ടുകാരുടെ വാഹനത്തില്‍നിന്ന് രക്ഷപ്പെട്ടു.
ഇതിനിടെ മകനെയും മരുമകളെയും തട്ടിക്കൊണ്ടുപോയതായി കാണിച്ച് ഹേമന്തിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രിയോടെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നല്‍കിയവരെ പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ഹേമന്തിനെ കൊലപ്പെടുത്തിയ വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഹേമന്തിന്റെ മൃതദേഹം സങ്കറെഡ്ഡി ജില്ലയില്‍നിന്ന് കണ്ടെത്തി.
അവന്തിയുടെ അമ്മാവനാണ് തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയതെന്ന് പോലീസ് പറയുന്നു. മറ്റൊരു ജാതിയില്‍പ്പെട്ടയാളെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
Content Highlights: Man killed by wife's family in suspected case of honour killing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..