Screengrab: Youtube.com|Punjab Kesari Bihar
പട്‌ന: യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം രാസവസ്തുക്കള്‍ ഉപയോഗിച്ച് അലിയിപ്പിച്ച് കളയാനുള്ള നീക്കം കലാശിച്ചത് പൊട്ടിത്തെറിയില്‍. ഒടുവില്‍ വിവരം പുറത്തറിഞ്ഞതോടെ എല്ലാവരും പോലീസിന്റെ പിടിയില്‍. ബിഹാറിലെ സിക്കന്ദര്‍പുര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഏവരെയും ഞെട്ടിച്ച സംഭവമുണ്ടായത്.
ബിഹാറില്‍ അനധികൃത മദ്യക്കച്ചവടം നടത്തുന്ന രാകേഷി(30)നെയാണ് ഭാര്യ രാധയും കാമുകന്‍ സുഭാഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യം നടത്താന്‍ രാധയുടെ സഹോദരി കൃഷ്ണയും ഇവരുടെ ഭര്‍ത്താവും സഹായിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം ആരുമറിയാതെ മൃതദേഹം അലിയിപ്പിച്ച് കളയാനുള്ള നീക്കമാണ് പ്രതികള്‍ക്ക് വിനയായത്.
ഫ്‌ളാറ്റില്‍വെച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിക്കാനുള്ള നീക്കം പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ സമീപവാസികള്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് രാകേഷാണെന്നും ഭാര്യയും കാമുകനും ഉള്‍പ്പെടെയുള്ളവരാണ് കൃത്യം നടത്തിയതെന്നും തെളിഞ്ഞത്.
സിക്കന്ദര്‍പുര്‍ സ്വദേശിയായ രാകേഷ് ബിഹാറില്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നയാളാണ്. മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനത്ത് അധികൃതരെ വെട്ടിച്ച് മദ്യം എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. അതിനാല്‍ തന്നെ പോലീസും ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പോലീസിന്റെ വലയില്‍ കുരുങ്ങാതിരിക്കാന്‍ രഹസ്യകേന്ദ്രങ്ങളിലാണ് രാകേഷ് താമസിച്ചിരുന്നത്. അപൂര്‍വമായി മാത്രമേ ഭാര്യ താമസിക്കുന്ന ഫ്‌ളാറ്റില്‍ വരാറുള്ളൂ. മിക്കപ്പോഴും രഹസ്യകേന്ദ്രങ്ങളിലായതിനാല്‍ ബിസിനസ് പങ്കാളിയായ സുഭാഷിനെയാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതോടെ ബിസിനസ് പങ്കാളിയായ സുഭാഷും രാകേഷിന്റെ ഭാര്യയായ രാധയും അടുപ്പത്തിലാവുകയായിരുന്നു.
രഹസ്യബന്ധം വളര്‍ന്നതോടെ രാകേഷിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാന്‍ രാധയും സുഭാഷും തീരുമാനിച്ചു. ഇക്കാര്യം സഹോദരിയെയും സഹോദരീ ഭര്‍ത്താവിനെയും അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച കൃത്യം നടത്താന്‍ തീരുമാനിച്ചു. അന്നേദിവസം തീജ് ചടങ്ങിന്റെ ആഘോഷങ്ങള്‍ക്കായി രാധ ഭര്‍ത്താവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി.
വീട്ടിലെത്തിയ രാകേഷിനെ രാധയും കാമുകനും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം കാമുകനായ സുഭാഷ് മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍വെച്ച് തന്നെ രാസവസ്തുക്കള്‍ ഉപയോഗിച്ച് മൃതദേഹം അലിയിപ്പിച്ച് കളയാനായിരുന്നു ശ്രമം. എന്നാല്‍ രാസവസ്തുക്കള്‍ ഒഴിച്ചതോടെ പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.
ഫ്‌ളാറ്റില്‍ പൊട്ടിത്തെറിയുണ്ടായത് കണ്ട അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോള്‍ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടത്. ഇതോടെ പ്രതികളെ ചോദ്യംചെയ്യുകയും കൊലപാതകവിവരം പുറത്തറിയുകയുമായിരുന്നു. ഫൊറന്‍സിക് പരിശോധനയില്‍ മൃതദേഹം രാകേഷിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
അതിനിടെ, ഫ്‌ളാറ്റില്‍ പൊട്ടിത്തെറിയുണ്ടായെന്ന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ രാകേഷിന്റെ സഹോദരന്‍ ദിനേശ് സാഹ്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലപ്പെട്ടത് രാകേഷാണെന്നും സഹോദരന്റെ ഭാര്യയും കാമുകനുമാണ് കൊലപാതകം നടത്തിയതെന്നും ദിനേശ് പരാതിയില്‍ ഉന്നയിച്ചിരുന്നു. സുഭാഷും രാധയും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും വാടകവീട്ടില്‍ താമസിച്ചിരുന്ന രാകേഷ് ഏതാനുംദിവസം മുമ്പാണ് സ്വന്തം വീട്ടിലേക്ക് പോയെന്നും സഹോദരന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlights: man killed by wife and her lover tried to dissolve the body with chemicals


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..