പ്രതീകാത്മക ചിത്രം | ANI
ഡോംബിവിലി(മുംബൈ): ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പോലീസിൽ പരാതിനൽകിയ യുവതിയും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. ഡോംബിവിലി ഈസ്റ്റിലെ മാൻപാഡ പരിസരത്തെ ത്രിമൂർത്തി അപ്പാർട്ട്മെന്റിൽ താമസക്കാരി ലക്ഷ്മി പ്രവീൺ പാട്ടീൽ, കാമുകൻ അരവിന്ദ് എന്ന മാരി രവീന്ദ്ര രാം, ഇയാളുടെ കൂട്ടുകാരൻ സണ്ണി രാം ആനന്ദ് സാഗർ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂൺ നാലിന് ലക്ഷ്മിയുടെ ഭർത്താവായ പ്രവീൺ ധൻരാജ് പാട്ടീലിനെ (30) കാണാതായെന്ന് ഡോംബിവിലി മാൻപാഡ പോലീസിൽ ലക്ഷ്മിയും ബന്ധുക്കളും ചേർന്ന് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഡോംബിവിലി പോലീസിനോടൊപ്പം കല്യാൺ ക്രൈം ബ്രാഞ്ച് യൂണിറ്റ് മൂന്നിലെ സീനിയർ ഇൻസ്പെക്ടർ സഞ്ജു ജോണിന്റെ നേതൃത്വത്തിൽ സമാന്തര അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിൽ ലക്ഷ്മിയുടെ ചാരിത്ര്യത്തിൽ സംശയിച്ചിരുന്ന പ്രവീൺ പാട്ടീലിനെ ജൂൺ രണ്ടിന് രാത്രി ലക്ഷ്മിയും കാമുകനും കൂട്ടുകാരനും ചേർന്ന് അടിച്ചും കഴുത്തു വരിഞ്ഞും ബോധം കെടുത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞു.
അതിനുശേഷം പ്രവീൺ പാട്ടീലിന്റെ മൃതദേഹം മൂന്നുപേരും രാത്രി പന്ത്രണ്ടിന് റിക്ഷയിൽ കൊണ്ടുപോയി ബദലാപൂർ-കർജത് റോഡിലുള്ള ഷേലു ഗ്രാമത്തിലെ നീർച്ചാലിൽ ഉപേക്ഷിച്ചു. ഇതിനിടയിൽ ഷേലു ഗ്രാമത്തിലെ നീർച്ചാലിൽനിന്ന് ബുധനാഴ്ച നേരൾ പോലീസ് ഒരു അജ്ഞാത ജഡം കണ്ടെടുത്തു.അതിൽനിന്ന് ലഭിച്ച വസ്ത്രങ്ങളുടെയും മറ്റു വസ്തുക്കളുടെയും പരിശോധനയിൽ ജഡം പ്രവീൺ പാട്ടീലിന്റെതാണെന്ന് സ്ഥിരീകരിച്ചതായി ഇൻസ്പെക്ടർ സഞ്ജു ജോൺ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാൻപാഡ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..