ഏരൂർ പോലീസ് സ്‌റ്റേഷൻ | Screengrab: Mathrubhumi News
കൊല്ലം: കൊല്ലം ഏരൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ജ്യേഷ്ഠനെ അനുജന്‍ കൊലപ്പെടുത്തി അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടു. ദാരുണമായ കൊലപാതകം പുറത്തറിഞ്ഞത് രണ്ടരവര്‍ഷത്തിന് ശേഷം. ഏരൂര്‍ സ്വദേശിയായ ഷാജി പീറ്ററി(44)നെയാണ് അനുജന്‍ സജിന്‍ പീറ്റര്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. 2018-ലെ ഓണക്കാലത്തായിരുന്നു സംഭവം.
കൊലപാതകത്തിന് ശേഷം സജിന്‍ പീറ്ററും അമ്മയും ചേര്‍ന്ന് ഷാജി പീറ്ററുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്റര്‍ കൊല്ലപ്പെട്ട വിവരം ഇവര്‍ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ഷാജിയെ അന്വേഷിച്ചവരോട് ഇയാള്‍ മലപ്പുറത്ത് ജോലി ചെയ്യുകയാണെന്ന് പറഞ്ഞു. ഏകദേശം രണ്ടരവര്‍ഷത്തോളം കൊലപാതകവിവരം ഇവര്‍ രഹസ്യമാക്കി വെച്ചു.
അടുത്തിടെ സംശയം തോന്നിയ ഒരു ബന്ധുവാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ഷാജി പീറ്ററെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയുമായിരുന്നു.
വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നു അവിവാഹിതനായ ഷാജി പീറ്റര്‍. 2018-ലെ ഓണക്കാലത്താണ് ഇയാള്‍ കുടുംബവീട്ടില്‍ മടങ്ങിയെത്തിയത്. ഇതിനിടെ സജിന്‍ പീറ്ററിന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സജിന്‍ പീറ്റര്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവത്തില്‍ സജിന്‍ പീറ്റര്‍, അമ്മ പൊന്നമ്മ, ഭാര്യ ആര്യ എന്നിവരെ ഏരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനുശേഷം മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിടുകയുള്ളൂ.
Content Highlights: man killed by brother in yeroor kollam accused and his mother in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..