അഖിൽ
കോട്ടയം: തലയ്ക്കുപരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി തച്ചുകുന്ന് മേട്ടയില്‍ സനലിന്റെ(27) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ അനുജന്‍ അഖിലിനെ (25) കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ റിജോ പി. ജോസഫ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചോദിച്ചിട്ട് നല്‍കാഞ്ഞതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സനലിനെ പ്രതി പട്ടികയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തി നെഞ്ചില്‍ ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഏഴിന് വൈകിട്ടായിരുന്നു സംഭവം. സഹോദരങ്ങള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മ നേരത്തെ മരിച്ചു. പുതുപ്പള്ളിയിലെ ഷാപ്പില്‍ ജീവനക്കാരനായ അച്ഛന്‍ വീട്ടില്‍ വരാറില്ല. വീട്ടില്‍ ഉറങ്ങിക്കിടന്ന സനലിനെ വിളിച്ചുണര്‍ത്തി കഞ്ചാവും തീപ്പെട്ടിയും ആവശ്യപ്പെട്ടു.
പലതവണ ശല്യപ്പെടുത്തിയപ്പോള്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സനലിന്റെ തല ഭിത്തിയിലിടിപ്പിച്ചു. സനല്‍ അലൂമിനിയം പാത്രമുപയോഗിച്ച് അഖിലിനെ അടിച്ചു. ഇടതുകണ്ണിന് സമീപം മുറിവേറ്റതോടെ ഇയാള്‍ മുറ്റത്ത് കിടന്നിരുന്ന പട്ടികമുറിയെടുത്ത് തലയ്ക്കടിച്ചു. നിലത്തുവീണ സനലിന്റെ നെഞ്ചില്‍ പലതവണ ചവിട്ടിയശേഷം വീട്ടിനുള്ളില്‍ കയറി. പിറ്റേന്ന് പുറത്തിറങ്ങിനോക്കുമ്പോഴും പരിക്കേറ്റ സനല്‍ മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.
സനലിനെ തിണ്ണയിലേക്ക് വലിച്ചുകയറ്റി. സനലിന്റെ പോക്കറ്റിലുണ്ടായിരുന്ന 400 രൂപയെടുത്ത് പുറത്തുപോയി മദ്യപിച്ചു. ഇതിനിടെ വീണ്ടും സനല്‍ തിണ്ണയില്‍നിന്ന് മുറ്റത്തേയ്ക്കുവീണു. സമീപത്ത് ബന്ധുക്കളുണ്ടെങ്കിലും ഇവരുടെ വീട്ടിലേയ്ക്ക് ആരും ചെല്ലാറില്ല. എട്ടിന് ഉച്ചയോടെ വീട്ടിലെത്തിയ ബന്ധു പരിക്കേറ്റ് മുറ്റത്ത് കിടക്കുന്ന സനലിനെകണ്ട് അച്ഛനെയും അഖിലിനെയും വിളിച്ചുവരുത്തി ഓട്ടോയില്‍ കയറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വീണ് പരിക്കേറ്റെന്നാണ് ആശുപത്രിയില്‍ പറഞ്ഞിരുന്നത്. സനല്‍ 11-ാം തീയതി മരിച്ചു.
മൃതദേഹ പരിശോധയില്‍ തലയ്‌കേറ്റ അടിയും നെഞ്ചിലേറ്റ പരിക്കുമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനുജന്‍ അഖില്‍ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടില്‍നിന്ന് കൊലപാതകത്തിനുപയോഗിച്ച പട്ടികമുറി പോലീസ് കണ്ടെടുത്തു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..