Photo: ANI
പുണെ: 300 കോടി രൂപയുടെ ബിറ്റ്കോയിന് ക്രിപ്റ്റോ കറന്‍സി കൈക്കലാക്കാനായി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസുകാരനടക്കം എട്ടുപേര്‍ അറസ്റ്റില്‍. പുണെ സൈബര്‍ ക്രൈം സെല്ലിലെ ഹെഡ് കോണ്‍സ്റ്റബിളായ ദിലീപ് ഠുക്കാറാം ഖണ്ഡാരെ, സുനില്‍ റാം ഷിന്‍ഡേ, വസന്ത് ശ്യാംറാവു ചവാന്, ഫ്രാന്‍സിസ് തിമോത്തി ഡിസൂസ, മയൂര്‍ മഹേന്ദ്ര ഷിര്‍ക്കെ, പ്രദീപ് കാശിനാഥ്, രാജേഷ് ബന്‍സാല്‍, ശിരിഷ് ചന്ദ്രകാന്ത് എന്നിവരെയാണ് പുണെ പോലീസ് പിടികൂടിയത്. പോലീസുകാരനായ ദിലീപാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാളാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നും സോണ്‍ 2 ഡെപ്യൂട്ടി കമ്മീഷണറായ ആനന്ദ് ബോയിത്തെ മാധ്യമങ്ങളോട് പറഞ്ഞു.
പുണെ താത്തെവാഡെ സ്വദേശിയായ വിനയ് നായിക്കിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. ജനുവരി 14-ാം തീയതിയായിരുന്നു സംഭവം. ഓഹരി വിപണിയില്‍ സജീവമായ വിനയ് നായിക്കിന്റെ കൈവശം 300 കോടി രൂപയുടെ ബിറ്റ്കോയിന് നിക്ഷേപമുണ്ടെന്ന് സൈബര്‍ക്രൈം സെല്ലിലെ ഉദ്യോഗസ്ഥനായ ദിലീപ് അറിഞ്ഞിരുന്നു. തുടര്‍ന്നാണ് ക്രിമിനല്‍ സംഘാംഗങ്ങളായ മറ്റുപ്രതികള്‍ക്കൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. 300 കോടി രൂപയുടെ ബിറ്റ്കോയിന് യുവാവില്‍നിന്ന് കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
ജനുവരി 14-ാം തീയതി ഒരു ഹോട്ടലില്‍നിന്നാണ് പ്രതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വിനായകിന്റെ സുഹൃത്ത് പോലീസില്‍ പരാതിപ്പെടുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതോടെ പിടിക്കപ്പെടുമെന്ന് കരുതി പ്രതികള്‍ യുവാവിനെ സമീപപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. വിനയ് നായിക്കിന്റെ മൊഴികളില്‍നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തട്ടിക്കൊണ്ടുപോയത് ബിറ്റ്കോയിന് വേണ്ടിയാണെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായ എട്ടുപ്രതികളും നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: man kidnapped for 300 crore bitcoin all accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..