മഞ്ജുനാഥ്
കണ്ണൂര്‍: വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തമിഴ്നാട് തിരുട്ടുഗ്രാമത്തിലെ യുവാവ് അറസ്റ്റില്‍. ചോദ്യംചെയ്യലില്‍ മൂന്ന് ജൂവലറികളില്‍ കവര്‍ച്ച നടത്തിയ വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
സേലം കള്ളക്കുറിശ്ശിയിലെ മഞ്ജുനാഥ് (23) ആണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് പഴയ ബസ്സ്റ്റാന്‍ഡിനടത്തുവെച്ച് മാങ്ങാട്ടിടം സ്വദേശിനി സജിതയുടെ സ്വര്‍ണമാല പൊട്ടിച്ച സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരി, ട്രാഫിക് എസ്.ഐ. മനോജ്, എസ്.ഐ.മാരായ വിനോദ്, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്വര്‍ണമാലയുടെ ഒരുഭാഗം പോലീസിന് കിട്ടി.
ഡിവൈ.എസ്.പി. പി.പി. സദാനന്ദന്റെ നേതൃത്വത്തില്‍ വിശദമായ ചോദ്യംചെയ്യലിലാണ് കൂടുതല്‍ കവര്‍ച്ചകളില്‍ പ്രതിയുടെ പങ്ക് തെളിഞ്ഞത്. 2018-ല്‍ നാദാപുരം കല്ലാച്ചി പ്രിന്‍സി ജൂവലറിയില്‍നിന്ന് അഞ്ചുകിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പങ്കാളിയാണ് മഞ്ജുനാഥെന്ന് പോലീസ് പറഞ്ഞു. രാജ, സൂര്യ, അഞ്ചാംപുലി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ഇതില്‍ മഞ്ജുനാഥിനെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മലപ്പുറം പുളിക്കല്‍ എസ്.എം. ജൂവലറിയില്‍നിന്ന് അരക്കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിലും ഒല്ലൂര്‍ ആക്മിക ജൂവലറിയില്‍നിന്ന് വെള്ളി മോഷ്ടിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ചാലക്കുന്നിലായിരുന്നു താമസം. പെരിയ, പൊന്ന്യം ബാങ്ക് കവര്‍ച്ചകളുമായി ബന്ധമുള്ള കൃഷ്ണമൂര്‍ത്തി ഇയാളുടെ ജ്യേഷ്ഠസഹോദരനാണെന്നും പോലീസ് പറഞ്ഞു. 2013-ല്‍ തലശ്ശേരി ജുവനൈല്‍ ഹോമില്‍ ഉണ്ടായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
മോഷണം തൊഴില്‍പോലെ
പകല്‍ നോട്ടമിട്ടുവെക്കുന്ന ബാങ്കുകളില്‍ രാത്രി ആയുധങ്ങളുമായി എത്തും. പുലരുംവരെ കഠിനാധ്വാനമാണെന്നാണ് മഞ്ജുനാഥ് പോലീസിനോട് പറഞ്ഞത്. മോഷണം തൊഴില്‍പോലെയാണിവര്‍ക്ക്. മുതിര്‍ന്നവരെല്ലാം കവര്‍ച്ചക്കാരാണ്. പണി കഴിഞ്ഞ് തീവണ്ടിമാര്‍ഗം സേലത്തേക്ക് കുതിക്കും. അവിടെവെച്ച് വീതിക്കും. പിന്നെയും കുടുംബക്കാരോടൊത്ത് കേരളത്തിലേക്ക് വരുമെന്നും പോലീസിനോട് പറഞ്ഞു.
Content Highlights: man from tamilnadu thiruttugramam arrested in robbery case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..