-
പത്തനാപുരം : വ്യാജവാറ്റു നടന്ന സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പത്തനാപുരം മാങ്കോട് തൊണ്ടിയാമണ്‍ ചരുവിളപുത്തന്‍വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇയാളെ തൊണ്ടിയാമണ്‍ എസ്.എഫ്.സി.കെ. റബ്ബര്‍ എസ്റ്റേറ്റില്‍ അബോധാവസ്ഥയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയോടെ മരിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മദ്യം കഴിച്ചതിന്റെ പ്രശ്നങ്ങളല്ല, വീഴ്ചയിലേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തില്‍ തുളച്ചുകയറിയനിലയിലായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മദ്യലഹരിയില്‍ തെങ്ങില്‍ക്കയറി കരിക്കിടാന്‍ ശ്രമിച്ചപ്പോള്‍ താഴെവീഴുകയായിരുന്നുവെന്ന് പ്രദീപിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൊണ്ടിയാമണ്‍ സ്വദേശി അനീഷ് മൊഴിനല്‍കിയിട്ടുണ്ട്. അനീഷ് പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാത്രിയിലാണ് പ്രദീപും സുഹൃത്തുക്കളും വ്യാജവാറ്റുകേന്ദ്രത്തിലെത്തിയത്. മദ്യലഹരിയില്‍ പോകാനാവാതെ സ്ഥലത്തുതന്നെ കിടക്കുകയായിരുന്നു ഇവര്‍. അര്‍ദ്ധരാത്രിയോടെ തെങ്ങില്‍ കയറിയ പ്രദീപ് നിലംപതിച്ചതോടെ പരിഭ്രാന്തരായ മറ്റുള്ളവര്‍ സ്ഥലംവിടുകയായിരുന്നു. പ്രദീപിനെ കാണാതായതോടെ വീട്ടുകാര്‍ രാത്രിമുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. പത്തനാപുരം പോലീസില്‍ പരാതിയും നല്കി. രാവിലെ അബോധാവസ്ഥയില്‍ കണ്ടതോടെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒപ്പം മദ്യപിച്ചവര്ക്കാര്ക്കും പ്രശ്നങ്ങള്‍ ഇല്ലെന്നും വീഴ്ചയിലേറ്റ പരിക്കാണ് മരണകാരണമെന്നും പത്തനാപുരം സി.ഐ. രാജീവ് അറിയിച്ചു. സ്ഥലത്ത് വാറ്റുനടന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്.
എങ്ങനെയാണ് പരിക്കേറ്റതെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും പ്രദീപിനൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെ ചോദ്യംചെയ്യുമെന്നും സി.ഐ. അറിയിച്ചു. വാറ്റുകേന്ദ്രത്തില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. മദ്യദുരന്തം എന്ന അഭ്യൂഹം പടര്‍ന്നതോടെ പോലീസും എക്സൈസും രാവിലെ പ്രദേശത്ത് അന്വേഷണം നടത്തി. പ്രദീപിന്റെ ഭാര്യ: രജിത. മക്കള്‍: പ്രവീണ്‍, പ്രവീണ.
Content Highlights: man found unconscious in illegal liquor making place, he dies later
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..