അബ്ദുൾ നാസർ
ബേക്കൽ (കാസർകോട്): വെള്ളിയാഴ്ച പുലർച്ചെ 2.40. ചാറ്റൽമഴയുടെ തണുപ്പിൽ നാടുറങ്ങുന്ന നേരത്ത് ബേക്കൽ താജ് ബേക്കൽ റിസോർട്ട് ആൻഡ് സ്പാ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് തോക്കുമായി ഒരാളെത്തി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആൻസൺ ജോർജിനെ നെറ്റിയിൽ തോക്കിൻകുഴൽവെച്ച് 'ജീവൻ വേണമെങ്കിൽ ഓടിക്കോ'എന്ന് പറഞ്ഞ് ഓടിച്ചു. തൊട്ടുപിന്നാലെ റിസപ്ഷനിസ്റ്റിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഓടിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലിൽ തീവ്രവാദി ആക്രമണം നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത നിമിഷങ്ങൾക്കുള്ളിൽ ജില്ലാ പോലീസ് ആസ്ഥാനത്തെ ഉണർത്തി. മുംബൈ താജ് ഹോട്ടലിൽ 2008 നവംബർ 26-ന് നടന്ന ഭീകരാക്രമണത്തിന്റെ ഓർമകൾ പോലീസിന്റെ നീക്കങ്ങൾക്ക് വേഗംകൂട്ടി. കോവിഡ് നിരീക്ഷണത്തിലുള്ള ജില്ലാ പോലീസ് മേധാവി ഡി.ശില്പ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടികൾ വേഗത്തിലാക്കി.
ബേക്കൽ എസ്.ഐ. പി.അജിത്കുമാറിന് പിന്നാലെ കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരും ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ജെയ്സൺ കെ. അബ്രഹാമും തോക്ക് ഉൾപ്പെടെയുള്ള സന്നാഹവുമായി 25-ഓളം പോലീസുകാരും ഞൊടിയിടയിൽ എത്തി.
വിശാലമായ ഹോട്ടൽ മുറികളിലും പരിസരത്തും തോക്കുധാരിക്ക് വേണ്ടിയുള്ള തിരിച്ചലായിരുന്നു പിന്നീട്.
ആകെയുള്ള 66 മുറികളിൽ ആളുണ്ടായിരുന്ന പത്തെണ്ണമൊഴിച്ചെല്ലാം പോലീസ് പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. ഒടുവിൽ സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഒറ്റനോട്ടത്തിൽ ഡിവൈ.എസ്.പി.മാർ നേരത്തെ വധശ്രമക്കേസിൽ പ്രതിയായിരുന്ന കാപ്പിൽ കപ്പണക്കാൽ കെ.എം.ജെ. ക്വാർട്ടേഴ്സിൽ അബ്ദുൾ നാസർ എന്ന നാൽപതുകാരനെ തിരിച്ചറിഞ്ഞു.
തോക്കുമായി ഒരു സംഘം പോലീസ് ക്വാർട്ടേഴ്സിൽ എത്തുമ്പോഴേക്കും ഹോട്ടലിൽനിന്ന് കടപ്പുറംവഴി രക്ഷപ്പെട്ട നാസർ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. കൈവശമുണ്ടായിരുന്ന എയർ ഗൺ പിടിച്ചെടുത്ത് അബ്ദുൾ നാസറിനെ പോലീസ് സംഘം കീഴ്പ്പെടുത്തിയതോടെയാണ് ഭീകര നാടകത്തിന് തിരശ്ശീലവീണത്. ഇയാൾ അമിതമായി ലഹരി കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
പിന്നീട് പോലീസ് സ്റ്റേഷനിലും ഇയാൾ അക്രമം നടത്തി.വാഹനത്തിന്റെ ചില്ല് തകർത്തു. ജീവനക്കാരെ ചീത്തവിളിച്ചു. ആ സംഭവത്തിലും നാസറിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. 2018 ജൂൺ 25-ന് ബേക്കലിലെ സ്വകാര്യ കെട്ടിടത്തിനടുത്തുവെച്ച് ഒരു യുവാവിനെ വെടിവെച്ച കേസിലും നാസർ പ്രതിയാണ്.
Content Highlights:man enters with gun into five star hotel in bekkal kasargod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..