മരിച്ച വിഷ്ണു(ഇടത്ത്) അറസ്റ്റിലായ പ്രതികൾ (വലത്ത്)
വണ്ടൂര്‍: ബൈക്കിന്റെ കാര്‍ബറേറ്റര്‍ നല്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോരൂര്‍ ചാത്തങ്ങോട്ടുപുറം വേലാപറമ്പന്‍ ശിവപ്രസാദിന്റെയും സിനിയുടെയും മകന്‍ വിഷ്ണു (23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന വിഷ്ണു ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വിഷ്ണുവിനെ മര്‍ദിച്ച ആറുപേരെ വണ്ടൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ 24-നാണ് വിഷ്ണുവിനു മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള മര്‍ദനത്തില്‍ വിഷ്ണുവിനു തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു.
സംഭവത്തില്‍ രൂപേഷ് (24), സുഹൃത്തുക്കളായ വിഷ്ണു (22), പന്നിക്കോട് ഷൈജു (27), അക്കരമേല്‍ രാജേഷ് (27), മഠത്തൊടി സുധീഷ് (24), പാലത്തൊടി ദേവദാസന്‍ (24) എന്നിവരെ വണ്ടൂര്‍ പോലീസ് അറസ്റ്റുചെയ്തു.
മരിച്ച വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്. ഇതേ വര്‍ക്ക്‌ഷോപ്പിലെ മറ്റൊരു ജീവനക്കാരനായ രൂപേഷ് ബൈക്കിന്റെ കാര്‍ബറേറ്റര്‍ ജിഷ്ണുവിനു നല്കി. ഇതിന്റെ പണം അന്നുതന്നെ നല്കിയെങ്കിലും പിന്നീട് രൂപേഷ് വീട്ടിലെത്തി അമ്മയില്‍നിന്നു പണം വാങ്ങി.
ഇതു സംബന്ധിച്ച് വിഷ്ണുവും ശിവപ്രസാദും രൂപേഷിനോടു ചോദിച്ചു. ഇതിനിടെ രൂപേഷ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും സംഘംചേര്‍ന്ന് വിഷ്ണുവിനെ മര്‍ദിക്കുകയുമായിരുന്നു. അച്ഛന്റെ മുന്നില്‍വെച്ചാണ് മര്‍ദിച്ചത്. ജിന്‍സുവാണ് വിഷ്ണുവിന്റെ മറ്റൊരു സഹോദരന്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..