ജോസും ഭാര്യ ലീലാമ്മയും
കുട്ടനാട്: രോഗിയായ ഭാര്യക്കു വിഷംകൊടുത്തശേഷം ഭര്‍ത്താവ് വീട്ടുമുറ്റത്തെ മാവില്‍ തൂങ്ങിമരിച്ചു. പിന്നീട് ഭാര്യയും മരിച്ചു. കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡ് തോട്ടുവാത്തല നടുവിലേക്കളം വീട്ടില്‍ പി.ടി. ജോസ് (അപ്പച്ചന്‍-80) ആണ് ഭാര്യ ലീലാമ്മയ്ക്കു (75) വിഷംകൊടുത്തശേഷം തൂങ്ങിമരിച്ചത്. പള്ളിയിലേക്കുപോയ അയല്‍വാസികളാണ് ജോസ് തൂങ്ങിനില്‍ക്കുന്നതു കണ്ടത്. വീടിനകത്തു പരിശോധിച്ചപ്പോള്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ ലീലാമ്മയെയും കണ്ടെത്തി.
ലീലാമ്മ ദീര്‍ഘനാളായി കിടപ്പുരോഗിയാണ്. ജോസും ചികിത്സയിലാണ്. രോഗബാധിതരായതിനെത്തുടര്‍ന്ന് നാട്ടുകാരുമായി ഇവരധികം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നു പോലീസ് പറഞ്ഞു. ആറു മക്കളുണ്ടെങ്കിലും ഇടയ്ക്കുവന്നു പോകുന്നതല്ലാതെ ഇവരുമായി അധികം അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാന്‍ കാരണമെന്ന് അതില്‍ പറയുന്നു. സാമ്പത്തികമായും ഇവര്‍ ബുദ്ധിമുട്ടിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. നെടുമുടി പോലീസ് മേല്‍നടപടി സ്വീകരിച്ചു.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മക്കള്‍: ജെസണ്‍, ജാന്‍സി, ജോസി, ജിനു, ബെന്‍സന്‍, ജയക്കുട്ടി. മരുമക്കള്‍: റോയി, ജിമ്മിച്ചന്‍, രാജേഷ്, ജോഷി, സീന, ബെന്നി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് തോട്ടുവാത്തല തിരുഹൃദയ ദൈവാലയ സെമിത്തേരിയില്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..