പി.ആർ.സുധീഷ്
ചെറുവാഞ്ചേരി: വലിയവെളിച്ചത്ത് ചെങ്കല്പ്പണയിലേക്കുള്ള വഴിയില്‍ കാര്‍ കത്തിയനിലയിലും കാറിനുസമീപം യുവാവിനെ പൊള്ളലേറ്റ് മരിച്ചനിലയിലും കണ്ടെത്തി. മാലൂര്‍ താളിക്കാട് സുഷമാലയത്തില്‍ പി.ആര്.സുധീഷാ(35)ണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കൂത്തുപറമ്പ് പഴയനിരത്തിലെ പി.ആര്. അസോസിയറ്റ്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് മരിച്ച സുധീഷ്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. കാറിന്റെ പിറകില്‍ അല്പം മാറി നിലത്ത് മലര്‍ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
ചെങ്കല്പ്പണയിലേക്ക് പോകുന്ന തൊഴിലാളികളാണ് കത്തുന്ന നിലയില്‍ യുവാവിനെയും കാറും കണ്ടത്. ഉടന്‍തന്നെ അഗ്നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചു. കൂത്തുപറമ്പില്‍നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും യുവാവിന്റെ ജീവന് രക്ഷിക്കാനായില്ല.
ഫൊറന്‍സിക് വിദഗ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി. തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ച മൃതദേഹം പരിശോധനയ്ക്കുശേഷം താളിക്കാടിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കച്ചവടാവശ്യത്തിന് പല സ്ഥലങ്ങളില്‍നിന്നും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി വിവരമുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. കൂത്തുപറമ്പ് സി.ഐ. എന്‍.സുനില്‍കുമാര്‍, കണ്ണവം സി.ഐ. കെ.സുധീര്‍, കൂത്തുപറമ്പ് എസ്.ഐ. കെ.ടി.സന്ദീപ് എന്നിവര്‍ സ്ഥലത്തെത്തി.
വ്യാപാരിവ്യവസായസമിതി മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി.ബാലന്റെയും പി.ആര്.ഭാര്‍ഗവിയുടെയും മകനാണ് സുധീഷ്. സഹോദരങ്ങള്‍: സുഷമ, സജിത, സുമേഷ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..