സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന മർദനത്തിന്റെ വീഡിയോയിൽനിന്ന്(ഇടത്ത്) കൊല്ലപ്പെട്ട രാഹുൽ(വലത്ത്) Photo:
ചണ്ഡീഗഢ്: മൊബൈല്‍ഫോണ്‍ മോഷണത്തിന്റെ പേരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തല്ലിക്കൊന്നു. ഹരിയാണ പല്‍വാല്‍ സ്വദേശിയായ രാഹുല്‍ ഖാന് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാഹുലിന്റെ സുഹൃത്തുക്കളായ ആകാശ്, വിശാല്‍, കലുവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.
ഡിസംബര്‍ 14-നായിരുന്നു ദാരുണമായ കൊലപാതകം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് സുഹൃത്തുക്കളായ മൂന്നുപേരും രാഹുലിനെ അടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, സംഭവത്തില്‍ ആദ്യം അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് രാഹുലിനെ സുഹൃത്തുക്കള്‍ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മര്‍ദനമേറ്റതിന്റെ തെളിവുകള്‍ ലഭിച്ചു. ഇതോടെ കൊലക്കുറ്റം ചുമത്തി പ്രതികളെ പിടികൂടുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ ചിത്രീകരിച്ച മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡിസംബര്‍ 14-ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് രാഹുല്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടില്‍നിന്ന് പോയതെന്ന് രാഹുലിന്റെ ഭാര്യ സൈന മാധ്യമങ്ങളോട് പറഞ്ഞു. ആറ് മണിയോടെ കലുവയാണ് നംഗല്റോഡ് കനാലിന് സമീപത്തുവെച്ച് രാഹുലിന് അപകടം സംഭവിച്ചതായി വിളിച്ചുപറഞ്ഞത്. അജ്ഞാത വാഹനം രാഹുലിനെ ഇടിച്ചിട്ടെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. വാഹനം നിര്‍ത്താതെ പോയെന്നും രാഹുലിനെ തങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുല്‍ മരണപ്പെടുകയായിരുന്നു, സൈന പറഞ്ഞു.
അതിനിടെ, രാഹുലിന്റെ കൊലപാതകത്തില്‍ കുടുംബം ചില ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീമായതിനാലാണ് രാഹുലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നും പുറത്തുവന്ന വീഡിയോയിലെ ചില പരാമര്‍ശങ്ങളും വാക്കുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നും കുടുംബം ആരോപിച്ചു. രാഹുലിനെ മര്‍ദിക്കുന്ന വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: man beaten to death by three friends in palwal haryana
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..