പ്രതീകാത്മക ചിത്രം | ANI & PTI
കൊല്‍ക്കത്ത: നാല് കാമുകിമാരും ഒരുമിച്ച് വീട്ടിലെത്തി വഴക്കിട്ടതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബംഗാളിലെ കൂച്ച്ബിഹാര്‍ ജോര്‍പത്കി സ്വദേശി സുഭമോയ് കുമാറാണ് വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാള്‍ നിലവില്‍ കൂച്ച്ബിഹാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് സുഭമോയ് കുമാറിന്റെ വീട്ടില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ സുഭമോയ് ഒരേസമയം നാല് കാമുകിമാരുമായും ബന്ധം പുലര്‍ത്തിയിരുന്നു. മറ്റുപെണ്‍കുട്ടികളുമായുള്ള ബന്ധം ഓരോ കാമുകിമാരില്‍നിന്നും അതീവരഹസ്യമാക്കിവെച്ചായിരുന്നു നാല് പ്രണയവും ഇയാള്‍ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാല്‍ അടുത്തിടെ കാമുകിമാര്‍ക്ക് ഇക്കാര്യത്തില്‍ ചില സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് നാല് പെണ്‍കുട്ടികളും പരസ്പരം ബന്ധപ്പെടുകയും സുഭമോയ് തങ്ങളെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നാല് കാമുകിമാരും ഒരുമിച്ച് സുഭമോയിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു.
സുഭമോയ് ജോലിക്ക് പോകാനിരിക്കെയാണ് നാല് കാമുകിമാരും വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവര്‍ യുവാവുമായി വഴക്കിട്ടു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ യുവാവ് കിടപ്പമുറിയിലേക്ക് ഓടിക്കയറുകയും വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ അയല്‍ക്കാരാണ് യുവാവിനെ ഉടന്‍തന്നെ മാതാബാംഗയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് ഇവിടെനിന്ന് കൂച്ച്ബിഹാറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ യുവാവിന്റെ കുടുംബാംഗങ്ങളാരും തയ്യാറായില്ലെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യുവാവിനെതിരേ കാമുകിമാരാരും പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: man attempts to suicide after cornered by four girl friends at a time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..