അർഷാദ്
എടപ്പാള്‍: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മയക്കുമരുന്നുകളെത്തിച്ചുനല്‍കുന്ന ശൃംഖലയിലെ മുഖ്യകണ്ണിയെ ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലും സംഘവും പിടികൂടി. 70 ഗ്രാം എം.ഡി.എം.എ., 11 ഗ്രാം ബ്രൗണ്‍ഷുഗര്‍, 16 ഗ്രാം കഞ്ചാവ് എന്നിവ ഇയാളില്‍നിന്ന് കണ്ടെടുത്തു. കടമ്പഴിപ്പുറം ആലംകുളത്ത് അര്‍ഷാദിനെ(31) യാണ് അറസ്റ്റ് ചെയ്തത്.
എടപ്പാളിലെയും ചങ്ങരംകുളത്തെയും ചില ഒഴിഞ്ഞ പറമ്പുകളും കുന്നുകളും കേന്ദ്രീകരിച്ച് നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും സംഘാംഗങ്ങളെത്തുകയും ഇടപാടുകാര്‍ക്ക് സാധനങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുപയോഗിക്കുന്ന ചിലരെ കണ്ടെത്തി അവരുടെ സഹായത്തോടെയാണ് പോലീസ് പ്രതികള്‍ക്കായി വലവീശിയത്. ഒരാഴ്ചയോളം ഇവരുടെ വരവും കാത്ത് പോലീസ് പലയിടങ്ങളിലും ക്യാമ്പ് ചെയ്തു. എന്നാല്‍ പലപ്പോഴും അവസാന നിമിഷം പ്രതികള്‍ വഴുതിമാറുകയായിരുന്നു. ഒടുവില്‍ ഇടപാടുകാരെന്ന നിലയില്‍ ബന്ധപ്പെട്ടാണ് ശനിയാഴ്ച വൈകീട്ട് നടുവട്ടത്ത് വെച്ച് പ്രതിയെ രണ്ട് എസ്.ഐ.മാരും പോലീസുകാരും ചേര്‍ന്ന് പിടിച്ചത്. കൈയിലൊന്നുമില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ വിശദപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക രീതിയില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ച മയക്കുമരുന്നുകള്‍ കണ്ടെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്നതാണ് പിടികൂടിയ എം.ഡി.എം.എ. പത്തു ഗ്രാമില്‍ കൂടുതലായാല്‍ വാണിജ്യാവശ്യമെന്ന രീതിയിലാണ് എം.ഡി.എം.എ.യെ കണക്കാക്കുന്നത്.
ബെംഗളൂരുവിലുള്ള ഏജന്റുമാരില്‍നിന്ന് ബസിലും ട്രെയിനിലുമെല്ലാം കേരളത്തിലെത്തിച്ച് ഇവിടെയുള്ള ഏജന്റുമാര്‍ക്ക് കൂടിയ വിലയ്ക്ക് നല്‍കുകയാണ് അര്‍ഷാദ് ചെയ്യുന്നത്. ഇവിടെ ചില്ലറ വില്‍പ്പന നടത്തുന്നവരെക്കുറിച്ച് സൂചന ലഭിച്ചതായും ഇവരെക്കുറിച്ചും അന്വേഷണം നടക്കുന്നതായും ബഷീര്‍ ചിറക്കല്‍ പറഞ്ഞു.
എസ്.ഐ.മാരായ ആന്റോ ഫ്രാന്‍സിസ്, ഒ.പി. വിജയകുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍ ഷിജു, സി.പി.ഒ.മാരായ ഉദയന്‍, ജെറോ, ജസ്റ്റിന്‍രാജ്, ഉണ്ണി, ഭാഗ്യരാജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. വൈദ്യപരിശോധനക്കുശേഷം പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..