പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സൗദി റിയാൽ
നെടുമ്പാശ്ശേരി: തടിച്ച പുസ്തകത്തിനുള്ളില്‍ അറയുണ്ടാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി ഒരാള്‍ വിമാനത്താവളത്തില്‍ പിടിയിലായി. ആലുവ എരുമത്തല മണ്ണാരത്ത് വീട്ടില്‍ എം.എം. മുഹാദ് (34) ആണ് സിയാല്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയതാണിയാള്‍. സംശയം തോന്നി ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സി കണ്ടെത്തിയത്. കറന്‍സി കെട്ട് ഇറക്കിവെയ്ക്കാന്‍ കഴിയും വിധം പുസ്തകത്തിന്റെ ഉള്‍ഭാഗം തുരന്ന് അറയുണ്ടാക്കിയിരിക്കുകയായിരുന്നു. രണ്ടു ലക്ഷം സൗദി റിയാലാണ് പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ കറന്‍സി കസ്റ്റംസിന് കൈമാറി.
സെപ്റ്റംബര്‍ 15-ന് ചെക്-ഇന്‍ ബാഗേജില്‍ ഒളിപ്പിച്ച് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച 37,21,390 രൂപയുടെ കറന്‍സി കൊച്ചി വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കര്‍ണാടക ഭട്കല്‍ സ്വദേശി സമീം അഹമ്മദില്‍ നിന്നാണ് 1.48 ലക്ഷം സൗദി റിയാലും 1400 ഒമാന്‍ റിയാലും 5.5 ലക്ഷം ഇന്ത്യന്‍ രൂപയും പിടികൂടിയത്. ഹലുവ, പപ്പടം തുടങ്ങിയ ഭക്ഷ്യ സാധനങ്ങളോടൊപ്പമാണ് കറന്‍സി ഒളിപ്പിച്ചിരുന്നത്.
42 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ചൊവ്വാഴ്ച രാവിലെ സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍നിന്നെത്തിയ മലപ്പുറം കൊണ്ടോട്ടി തറയിട്ടാല്‍ ചാലില്‍ വീട്ടില്‍ ഷബീറലിയുടെ പക്കല്‍നിന്നാണ് 847 ഗ്രാം സ്വര്‍ണം പിടിച്ചത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..