പ്രതീകാത്മക ചിത്രം | AP
വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ പതിനഞ്ചുവയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. വിശാഖപട്ടണം സ്വദേശിയായ 42-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മകള്‍ ഏറെനേരം മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്നതില്‍ കലിപൂണ്ടാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പലതവണ ഇയാള്‍ മകളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി സ്കൂളിലെ അധ്യാപികയോട് കാര്യം വെളിപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
പിതാവിന്റെ പീഡനം കാരണം പെണ്‍കുട്ടി കടുത്ത മാനസികവിഷമത്തിലായിരുന്നു. ഇതോടെയാണ് അധ്യാപികയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക പിതാവിനെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. സംഭവത്തില്‍ ഇയാള്‍ സ്കൂളില്‍വെച്ച് ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതിയുടെ ഭാര്യ അസുഖബാധിതയായി ചികിത്സയിലാണെന്നും ഇവര്‍ ചികിത്സയ്ക്കായി സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് പ്രതി മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് പ്രതിയുടെ വൃക്ക മാറ്റിവെച്ചിരുന്നു. ഭാര്യയാണ് വൃക്ക നല്‍കിയത്. അടുത്തിടെ ഭാര്യയും അസുഖബാധിതയായി. തുടര്‍ന്ന് ഭാര്യ ചികിത്സാ സൗകര്യാര്‍ഥം സ്വന്തം വീട്ടിലേക്ക് പോയി. ഭര്‍ത്താവിനെ പരിചരിക്കാനും വീട്ടിലെ കാര്യങ്ങള്‍ നോക്കാനും മകളെ ഏല്‍പ്പിച്ചാണ് ഇവര്‍ സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ മകള്‍ അധികസമയവും മൊബൈല്‍ഫോണില്‍ സമയം ചിലവഴിക്കുന്നത് പിതാവിനെ ചൊടിപ്പിച്ചു. ഇതിലുള്ള ദേഷ്യം കൊണ്ടാണ് മാസങ്ങള്‍ക്ക് മുമ്പ് മകളെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പ്രതിയുടെ മൊഴി. പിന്നീട് പലതവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ശനിയാഴ്ച വൈകിട്ടാണ് സ്കൂളിലെ അധ്യാപിക പീഡനവിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: Man arrested in Vishakhapatnam, Andhra pradesh for raping minor daughter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..