രഞ്ജിത്ത് ആർ.പിള്ള
നെടുങ്കണ്ടം: സൈനിക ഉദ്യോഗസ്ഥന് ചമഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് യുവതികളെയും വീട്ടമ്മമാരെയും ഹണി ട്രാപ്പില്‍പ്പെടുത്തി പണംതട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍.
കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആര്.പിള്ള (29) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. നെടുങ്കണ്ടം സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയില്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരിലാണ് പ്രതി പിടിയിലായത്.
ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും 'അജയ് ആര്' എന്ന പേരില്‍ ഉണ്ടാക്കിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചായിരുന്നു, തട്ടിപ്പ്.
ഉന്നത സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ യൂണിഫോം ധരിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓണ്‍ലൈനില്‍ യുവതികളും വീട്ടമ്മമാരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി വിവാഹ വാഗ്ദാനം നല്കി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കും. തുടര്‍ന്ന് ഇവ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്.
പ്രതി ഒരു തവണപോലും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബന്ധുവായ സൈനികന്റെ സഹായത്തില്‍ ഇയാള്‍ 2018-ല്‍ പുണെയിലെ സൈനിക ക്യാമ്പിലെ കാന്റീനില്‍ താത്കാലികമായി ജോലിചെയ്തിരുന്നു. ഇവിടെ നിന്നുമാണ് സൈനിക യൂണിഫോം സംഘടിപ്പിച്ചതെന്നാണ് വിവരം. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി പ്രതി പ്രത്യേക സിം കാര്‍ഡ് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ നമ്പരില്‍ വിളിച്ചാല്‍ കിട്ടില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നുള്‍പ്പെടെ ലക്ഷങ്ങള്‍ ഇയാള്‍ തട്ടിയെടുത്തതായാണ് വിവരം.
കോയമ്പത്തൂരില്‍ ഭാര്യയുമൊത്ത് വാടക വീട്ടില്‍ കഴിഞ്ഞവരുന്ന പ്രതി പെയ്ന്റിങ് ജോലികള്‍ക്ക് പോയിരുന്നു. സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്താതെയാണ് താമസിച്ചിരുന്നത്. നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു, എസ്.ഐ. ജി.അജയകുമാര്‍, ഉദ്യോഗസ്ഥരായ സുനില്‍ മാത്യു, എന്‍.എ.മുജിബ്, ആര്.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ കായംകുളം, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..