ജിഗീഷ്
എടത്വാ: അഭിഭാഷകന് ചമഞ്ഞ് കാറും പണവും മുദ്രപ്പത്രവും തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയം ജിഗീഷ് (32) ആണ് എടത്വാ പോലീസിന്റെ പിടിയിലായത്. എടത്വാ മങ്കൊട്ട സ്വദേശി അനീഷ്കുമാര്‍ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിനു നല്കിയ പരാതിയെത്തുടര്‍ന്നാണ് മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതിയെ പിടികൂടിയത്.
അഭിഭാഷകന് ചമഞ്ഞു നടന്ന ജിഗീഷ് കാര്‍ ഉടമയായ അനീഷ്കുമാറുമായി സൗഹൃദംസ്ഥാപിച്ചാണ് കാറും 2,40,000 രൂപയും മുദ്രപ്പത്രവും തട്ടിയെടുത്തത്. എടത്വായിലെ ഒരു കേസില്‍നിന്ന് കാറുടമയെ രക്ഷപ്പെടുത്താമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. കൈമാറിയ കാറും പണവും മുദ്രപ്പത്രവും ആഴ്ചകള്‍ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഉടമ ജിഗീഷിന്റെ മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് അനീഷ്കുമാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ എടത്വാ പോലീസ് പ്രതിയെ കുടുക്കാന്‍ അ?ന്വേഷണം ആരംഭിച്ചു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പോലീസിനെ വെട്ടിച്ച് പ്രതി കടക്കുകയായിരുന്നു. എറണാകുളം ചേന്ദമംഗലം ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ പ്രതിയെ പിടികൂടിയത്. ചേന്ദമംഗലത്തെ വീടിന്റെ കാര്പോര്ച്ചില്നിന്നാണ് കാര്‍ കണ്ടെടുക്കുന്നത്. ഈ വീട്ടില്‍നിന്ന് പ്രതിയെ പോലീസ് പിടികൂടി. സമാന കേസുകളിലും ജിഗീഷ് പ്രതിയാണ്. സുപ്രീംകോടതി ജഡ്ജി ചമഞ്ഞും പ്രതി പലരെയും കബളിപ്പിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
എടത്വാ ഇന്‍സ്പെക്ടര്‍ ആനന്ദബാബു, എസ്.ഐ. ഷാംജി, സി.പി.ഒ.മാരായ സനീഷ്, ശ്യാംകുമാര്‍, സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..