അക്ഷയ്
കൊടുങ്ങല്ലൂര്‍: അലങ്കാരപൂച്ചകളുടെ കച്ചവടത്തിന്റെ മറവില്‍ വിലകൂടിയ വിവിധയിനം സിന്തറ്റിക് മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിവന്ന യുവാവ് അറസ്റ്റിലായി. മാള പൂപ്പത്തി സ്വദേശി ഏരിമേല്‍ അക്ഷയ് (24) ആണ് കൊടുങ്ങല്ലൂര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
സ്റ്റേഷന്‍ജാമ്യം നിര്‍ത്തി എക്സൈസ്
തൃശ്ശൂര്‍: ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ പിടികൂടിയാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍വിടുന്ന രീതി എക്‌സൈസ് അവസാനിപ്പിച്ചു. ലോക്കപ്പ് ഉള്‍പ്പെടെ സംവിധാനമൊരുക്കാതെയാണിത്. രാത്രി ലഹരിവേട്ട കുറയുന്നതാണ് ഇതിന്റെ ഫലം.
ഇതുവരെ പിന്തുടര്‍ന്നിരുന്ന സ്റ്റേഷന്‍ജാമ്യം നല്‍കല്‍ നിയമവിരുദ്ധമാണെന്നാണ് എക്‌സൈസിന്റെ നിലപാട്. കോടതിവഴി മാത്രമെ ഇനി ജാമ്യം ലഭിക്കൂ. ഇതുമൂലം പ്രതികളെ കൂടുതല്‍ സമയം സ്റ്റേഷനുകളില്‍ നിര്‍ത്തേണ്ടിവരുന്നു.
ഇത്തരം പ്രതികളെ സൂക്ഷിക്കാന്‍ ലോക്കപ്പ് സംവിധാനം ഭൂരിഭാഗം സ്റ്റേഷനുകളിലുമില്ല. തൃശ്ശൂര്‍ ജില്ലയിലെ 20 ഓഫീസുകളില്‍ നാലെണ്ണത്തില്‍മാത്രമാണ് ലോക്കപ്പുള്ളത്. മറ്റുജില്ലകളിലെയും സ്ഥിതി ഇതുതന്നെയാണ്. പ്രതികള്‍ രക്ഷപ്പെട്ട സംഭവവും അടുത്തകാലത്തുണ്ടായി. ലഹരിവേട്ടകള്‍ മിക്കപ്പോഴും രാത്രിയിലാണ് നടക്കുന്നത്. ലഹരിയുപയോഗിച്ച് നില്‍ക്കുന്നവരെയാകും അധികൃതര്‍ കസ്റ്റഡിയില്‍ എടുക്കുന്നത്. രാത്രി വൈകിയതിനാല്‍ കോടതിയില്‍ ഹാജരാക്കാനാകില്ല. ഇവരെ രാത്രിമുഴുവന്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് അധികൃതരുടെ മേല്‍ വന്നുവീഴുന്നത്.
പലപ്പോഴും ഇവര്‍ അക്രമാസക്തരാകും. ബ്ലേഡുകൊണ്ടും മറ്റും സ്വയംമുറിവേല്‍പ്പിക്കുന്ന കടുത്ത ലഹരി ഉപഭോക്താക്കളാണ് പലരും. സ്റ്റേഷനുകളില്‍ ജീവനക്കാരുടെ കുറവുണ്ട്. ഒരു ഓഫീസില്‍ ശരാശരി 14 ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. രാത്രിയിലും പകലും ഇവരെ വേണം വിന്യസിക്കാന്‍.
സാധാരണ ദിവസങ്ങളില്‍ രാത്രി ഒരു പാറാവു ജോലിക്കാരനും പട്രോളിങ് സംഘവും മാത്രമാണ് സ്റ്റേഷനുകളില്‍ ഉണ്ടാകുക. പ്രതികള്‍ ഉള്ളസമയങ്ങളില്‍ പാറാവുകാരുടെ എണ്ണം കൂട്ടുകയാണ് ചെയ്യുന്നത്. ഇതോടെ പട്രോളിങ്ങിന് ആളുകുറയും.
കോടതി അടയ്ക്കും മുന്‍പേ ഹാജരാക്കാന്‍ സാധിക്കുന്ന കേസുകള്‍ മാത്രമാണ് പലരും പിടികൂടുന്നത്. ലഹരി ഉപയോഗത്തിനിടെ പിടികൂടുന്ന ചെറുകേസുകളില്‍നിന്നാണ് പലപ്പോഴും വന്‍വേട്ടകളിലേക്കെത്തുക.
ഒരുമാസം മുമ്പാണ് സ്റ്റേഷന്‍ജാമ്യം പൂര്‍ണമായും നിര്‍ത്തിയത്. സ്റ്റേഷന്‍ജാമ്യം നല്‍കുന്നത് പരാതികള്‍ക്കിടയാക്കുമെന്ന അഭിപ്രായം മുമ്പുതന്നെ ഉയര്‍ന്നിരുന്നു. സ്റ്റേഷന്‍ജാമ്യം നല്‍കിയതിന് ഒരു ഉദ്യോഗസ്ഥനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. പിന്നീടാണ് സ്റ്റേഷന്‍ജാമ്യം നല്‍കരുതെന്ന നിര്‍ദേശം എല്ലാ ഓഫീസുകളിലേക്കും എത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..