അറസ്റ്റിലായ സുശീൽ റാവ
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ മോഷണം നടത്തിയ ബംഗാൾ സ്വദേശി പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി പുർബദുരമാരി മൊഗാൽകട്ട ഫോറസ്റ്റ് ബസ്തി സുശീൽ റാവ (28)യെയാണ് കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ എം.ജെ.അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കോട്ടയം നഗരത്തിലെ സി.എം.എസ്. കോളേജിനു സമീപത്തെ വനിതാ ഹോസ്റ്റലിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അർധരാത്രി ഹോസ്റ്റലിന്റെ മതിൽ ചാടിക്കടന്ന പ്രതി, അടുക്കളയിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിച്ചശേഷമായിരുന്നു മോഷണം. തുടർന്ന് പെൺകുട്ടികൾ കിടക്കുന്ന സ്ഥലത്തേക്ക് എത്തിയ യുവാവ് മൊബൈൽ ഫോണുകൾ മോഷ്ടിക്കുകയും കുട്ടികളുടെ കഴുത്തിൽകിടന്ന സ്വർണാഭരണങ്ങൾ കവരാനും ശ്രമിച്ചു. കുട്ടികൾ ഉണർന്ന് ബഹളം െവച്ചതോടെ പ്രതി ഹോസ്റ്റലിന്റെ രണ്ടാംനിലയുടെ മുകളിൽനിന്നു ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഹോസ്റ്റൽ അധികൃതർ ജില്ലാ പോലീസ് മോധാവി പി.എസ്. സാബുവിന് നൽകിയ പരാതിയെ തുടർന്ന് ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പ്രതി ഹോസ്റ്റൽ മുറിയിൽ കയറുന്നതും ഇവിടെനിന്നു ചാടി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ച പോലീസ് ഏറ്റുമാനൂരിലെ മീൻകടയിൽ ജോലിചെയ്തുവന്ന പ്രതിയെ പിടികൂടുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മോഷണം പോയ മൊബൈൽ ഫോണുകളും ഇവിടെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. വെസ്റ്റ് എസ്.ഐ. ടി.ശ്രീജിത്ത്, എ.എസ്.ഐ. പി.എൻ.മനോജ്, സി.പി.ഒ.മാരായ ടി.ജെ.സജീവ്, സുദീപ്, കെ.ആർ.ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പിടിയിലായ പ്രതിയിൽനിന്ന് മോഷണവസ്തുക്കൾ കണ്ടെടുത്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Content Highlights: man arrested for robbery in women's hostel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..