ഗൗതം രമേഷ്
കൊരട്ടി: നിക്ഷേപിക്കുന്ന പണം ഏതാനും മാസത്തിനകം ഇരട്ടിയാക്കി നല്‍കുമെന്ന് വാഗ്ദാനംചെയ്ത് നിരവധിപേരില്‍ നിന്നും കോടികള്‍ തട്ടിയയാളെ പോലീസ് പിടികൂടി. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ഗൗതം രമേഷി(32)നെയാണ് പിടികൂടിയത്. കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘമാണ് ഇയാളെ പിടികൂടിയത്.
മുരിങ്ങൂര്‍ സ്വദേശി പൊന്നാത്തില് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ കൈയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിച്ച കേസിലാണ് അറസ്റ്റ്. അറസ്റ്റിനെത്തുടര്‍ന്ന് നടത്തിയ തെളിവെടുപ്പില്‍ കേസ് സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. 2018-ല്‍ ബാങ്ക് മുഖേനയാണ് 25 ലക്ഷം കൈപ്പറ്റിയത്. എതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരട്ടിയാക്കി തിരിച്ചുനല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
സമാനമായ രീതിയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇയാള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു.ടി.എസ്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ എന്നു വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ആളുകളെ സമീപിച്ചിരുന്നത്.
തമിഴ്നാട്ടില്‍ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിലവില്‍ ഇയാള്‍ സേലം സെന്‍ട്രല്‍ ജയിലിലായിരുന്നു. ഇയാളുടെ നിക്ഷേപകരില്‍ അധികവും മലയാളികളാണെന്ന് പോലീസ് പറഞ്ഞു.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ബിനാമി പേരില്‍ കര്‍ണാടകത്തിലും സേലത്തും കൃഷിയിടങ്ങള്‍ വാങ്ങുകയും മലേഷ്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ സുഖവാസകേന്ദ്രങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയുമായിരുന്നു ഇയാളുടെ പതിവ്.
സമാനരീതിയില്‍ തട്ടിപ്പിനിരയായിട്ടുള്ളവര് പോലീസിനെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്. സന്തോഷിന്റെ നിര്‍ദേശപ്രകാരം രൂപവത്കരിച്ച പ്രത്യേകസംഘത്തില്‍ എസ്.ഐ.മാരായ ഷാജു എടത്താടന്‍, സി.കെ. സുരേഷ്, സീനിയര്‍ സി.പി.ഒ.മാരായ പി.ടി. ഡേവിസ്, കെ.എം. നിതീഷ്, എം.എം. ജിനു എന്നിവരും ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..