വയോധികയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഇൻസെറ്റിൽ രജീഷ്
മാന്നാര്‍: ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടില്‍ സരസമ്മ(85)യെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ അയല്‍വാസി അറസ്റ്റില്‍. കാരാഴ്മ കിഴക്ക് ഇടയിലെ വീട്ടില്‍ രജീഷി(40)നെയാണ് മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തത്. സരസമ്മയുടെ അകന്ന ബന്ധുകൂടിയാണ് പ്രതി.
തനിച്ചുതാമസിച്ചിരുന്ന സരസമ്മയെ നവംബര്‍ 28-നു രാവിലെ എട്ടുമണിയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഇവരുടെ മരുമകള്‍ രമ രാവിലെ കാപ്പിയുമായി എത്തിയപ്പോള്‍ വീട്ടില്‍ കാണാഞ്ഞതിനെതുടര്‍ന്നുള്ള തിരച്ചിലിലാണ് കിണറ്റിനുള്ളില്‍ കാലുകള്‍ മുകളിലായി മരിച്ചുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കായംകുളം ഗവ. ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുദിവസം കഴിഞ്ഞ് ചൊവ്വാഴ്ചയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് സരസമ്മയുടെ രണ്ടുകാതിലെയും കമ്മല്‍ പറിച്ചെടുത്തതായി കാണുകയും ദേഹപരിശോധനയില്‍ കൊലപാതകമാണന്നു സംശയം തോന്നുകയുമായിരുന്നെന്നാണ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും ശാസ്ത്രവിദഗ്ധരും സരസമ്മ താമസിച്ച വീട്ടിലും മൃതദേഹം കാണപ്പെട്ട കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തുന്നതിനുള്ള സാഹചര്യത്തെളിവുകളും ലഭിച്ചില്ല. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആര്‍. ജോസ്, നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാര്‍, മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
പ്രദേശവാസിയായ ആരോ ആണ് ഇതു ചെയ്തതെന്ന നിഗമനത്തിലെത്തിയ പോലീസ് അന്വേഷണം ആ വഴിയിലേക്കു നീക്കുകയായിരുന്നു. ഇതിനിടയില്‍ ചെന്നിത്തല കല്ലുംമൂട്ടിലുള്ള ജൂവലറിയില്‍ പ്രതി രജീഷും മറ്റൊരാളും കമ്മല്‍ വില്‍ക്കാനെത്തിയതായി കണ്ടെത്തി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് രജീഷ് കുറ്റം സമ്മതിച്ചത്.
സംഭവദിവസം വെളുപ്പിന് ഒരുമണിയോടെ സരസമ്മയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ വായ പൊത്തിപ്പിടിച്ചു. ബോധം നഷ്ടപ്പെട്ടപ്പോള്‍ മരിച്ചു എന്ന് ഉറപ്പിക്കാന്‍വേണ്ടി ഇയാള്‍ ഉടുത്തിരുന്ന കൈലിയുടെ ഒരുഭാഗം കീറി കഴുത്തില്‍ മുറുക്കി. തുടര്‍ന്ന് കാതിലെ കമ്മല്‍ പറിച്ചെടുത്തശേഷം മൃതദേഹം കിണറ്റില്‍ തള്ളി. പ്രതിയെ വെള്ളിയാഴ്ച സംഭവസ്ഥലത്തും പ്രതിയുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുത്തു. രജീഷിന്റെ കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സരസമ്മയുടെ കമ്മലും കഴുത്തു വലിച്ചുമുറുക്കാന്‍ ഉപയോഗിച്ച കൈലിയുടെ ഭാഗവും കണ്ടെടുത്തു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..