സഞ്ജു
മണ്ണഞ്ചേരി(ആലപ്പുഴ): വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പെണ്‍കുട്ടിയുടെ വീട് അടിച്ചുതകര്‍ത്ത യുവാവ് സ്വയരക്ഷയ്ക്കായി പോലീസിനെയും വട്ടംചുറ്റിച്ചു. വട്ടംചുറ്റിയ പോലീസ് അവസാനം തന്ത്രപരമായി യുവാവിനെ പൊക്കി. ആലപ്പുഴ അവലൂക്കുന്ന് ചിറ്റേഴത്ത് വടക്കേ കൊച്ചുതറ സഞ്ജുരാജിനെ(25)യാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ മര്‍ദിച്ചതിനും സഞ്ജുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മണ്ണഞ്ചേരിയിലുള്ള യുവതിയുടെ വീടിനുനേരെ കഴിഞ്ഞദിവസം രാത്രിയിലാണ് ആക്രമണം നടത്തിയത്. ഇതിനൊടൊപ്പംതന്നെ സമീപത്തെവീടിന്റെ മുന്നിലിരുന്ന ചെടിച്ചട്ടികളും എറിഞ്ഞ് ഉടച്ചിരുന്നു. പരാതികള്‍ ലഭിച്ച പോലീസ് ആകെ ആശയകുഴപ്പത്തിലായി.
കഴിഞ്ഞയിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടുള്ള അനിഷ്ടസംഭവങ്ങളുടെ തുടര്‍ച്ചയാണോ ഈ അക്രമങ്ങളുമെന്നുള്ള സംശയമായിരുന്നു പോലീസിന്. സഞ്ജുവിന്റ ഉദ്ദേശവും ഇതുതന്നെ ആയിരുന്നു എന്ന് മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത് പറഞ്ഞു. അതിനുവേണ്ടിയാണു സമീപ വീട്ടിലെ ചെടിച്ചട്ടിയും തകര്‍ത്തത്. പെണ്‍കുട്ടിയില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞ പോലീസ് സഞ്ജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വിവാഹ അഭ്യര്‍ഥന നിരസിച്ചപ്പോള്‍ യുവതിയെ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്‍. ബിജു, സി.പി.ഒ.മാരായ ഷാനവാസ്, കൃഷ്ണകുമാര്‍, ഷൈജു, ഉല്ലാസ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..