
പ്രിയങ്കയും സിജുവും
ആലപ്പുഴ: ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും റിമാന്‍ഡില്‍. തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കായംകുളം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത കോഴിക്കോട് കോടഞ്ചേരി വേളംകോട് സ്വദേശി സിജു കെ. ജോസി(52)നെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക(30)യെയുമാണ് കോടതി റിമാന്‍ഡ് ചെയ്തത്. കേസില്‍ വിശദമായ അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി പ്രതികളെ ഉടന്‍തന്നെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കായംകുളം എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സിജു കെ. ജോസിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളില്‍നിന്നാണ് പ്രതികള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. സിജുവിന്റെ കാമുകിയായ പ്രിയങ്കയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കാണ് 1.25 കോടിയോളം രൂപ ഇത്തരത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നത്. പലതവണകളായി പണം ട്രാന്‍സ്ഫര്‍ ചെയ്ത വിവരം സിജുവിന്റെ ഭാര്യ അറിഞ്ഞിരുന്നില്ല. ഇതിനിടെ, ഇവര്‍ക്ക് സംശയം തോന്നി ബാങ്ക് രേഖകള്‍ പരിശോധിച്ചതോടെയാണ് നാട്ടിലുള്ള ഭര്‍ത്താവ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയത്. പ്രിയങ്കയുടെ കായംകുളത്തെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് കണ്ടെത്തിയതോടെ ഇവര്‍ കായംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
യു.എസില്‍ നേരത്തെ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന സിജു കെ. ജോസ് അവിടെ പാസ്റ്ററായി ജോലിചെയ്തിരുന്നതായാണ് പോലീസ് നല്‍കുന്നവിവരം. ഇയാള്‍ അംഗമായ ഒരു ഓണ്‍ലൈന്‍ പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രിയങ്കയും അംഗമായിരുന്നു. ഇതിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്നും പോലീസ് പറഞ്ഞു.
ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും കേരളത്തില്‍നിന്ന് മുങ്ങിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് പ്രതികള്‍ക്കും എതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പ്രതികളായ രണ്ടുപേരും നേപ്പാളില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് കായംകുളം പോലീസ് ഡല്‍ഹിയിലെത്തിയാണ് രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്.
ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഭാര്യ അറിയാതെ ട്രാന്‍സ്ഫര്‍ ചെയ്ത പണം സിജുവും പ്രിയങ്കയും സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചെന്നാണ് പോലീസിന്റെ നിഗമനം. പണം കണ്ടെടുക്കാനും പണം ഉപയോഗിച്ചത് എന്തിനുവേണ്ടിയാണെന്നും കണ്ടെത്താന്‍ ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..