Image Courtesy: News18
ബെംഗളൂരു: സഹോദരിയുടെ മകളെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് താലി കെട്ടിയ സംഭവത്തില്‍ യുവാവും കൂട്ടാളികളും പിടിയിലായി. ഹാസനിലെ മനു(30) എന്നയാളും ഇയാളുടെ സുഹൃത്തുക്കളായ വിനയ്, പ്രവീണ്‍, സന്ദീപ് എന്നിവരുമാണ് ഹാസന്‍ പോലീസിന്റെ പിടിയിലായത്. അയല്‍ജില്ലയായ രാമനഗരയില്‍നിന്നാണ് പ്രതികള്‍ വലയിലായത്.
ഹാസന്‍ സ്വദേശിയായ 21 വയസ്സുകാരിയെ അമ്മയുടെ സഹോദരനായ മനു തിങ്കളാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു.
യാത്രയ്ക്കിടെ മനു ബലംപ്രയോഗിച്ച് യുവതിയെ താലി ചാര്‍ത്തുകയും സുഹൃത്തുക്കള്‍ യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. ഇതെല്ലാം മൊബൈലില്‍ ചിത്രീകരിച്ച പ്രതികള്‍ ടിക് ടോക് വഴി പ്രചരിപ്പിച്ചിരുന്നു. പ്രതികളിലൊരാള്‍ യുവതിയുടെ കവിളില്‍ നുള്ളുന്നതും പരിഹസിക്കുന്നതും വീഡിയോയിലുണ്ട്.
താലി കെട്ടുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും യുവതിയെ പിടിച്ചുവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം ഒരു ക്ഷേത്രത്തിലെത്തി വരണമാല്യം ചാര്‍ത്തുകയും കാലില്‍ മോതിരം അണിയിക്കുകയും ചെയ്തു. ഇതും ടിക് ടോകിലൂടെ പ്രചരിപ്പിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും രാമനഗരയില്‍നിന്ന് 21 വയസ്സുകാരിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
സഹോദരിയുടെ മകളെ വിവാഹം കഴിക്കാന്‍ അമ്മാവനായ മനു ആഗ്രഹിച്ചിരുന്നു. എന്നാല്‍ യുവതിയും കുടുംബവും ഈ ബന്ധത്തിന് താത്പര്യമില്ലെന്ന് അറിയിച്ചു. ഇതാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ മനുവിനെ പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
Content Highlights: man and his friends arrested in hassan for kidnapping niece and forcibly marries her
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..