പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചെന്നൈ: വീട്ടുകാർ വിവാഹാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി കാമുകിയുടെ ബന്ധുവിനെ യുവാവ് തട്ടിക്കൊണ്ടു പോയി. മൊബൈൽ ഫോൺ പിന്തുടർന്നെത്തിയ പോലീസ് ഇയാളെ മഹാബലിപുരത്തുനിന്ന് രക്ഷപ്പെടുത്തിയെങ്കിലും കാമുകനടക്കം നാലുപ്രതികൾ രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൂളൈമേട് സ്വദേശി സിറാജ് ബാഷയുടെ മകൻ തസ്ലീം ബാഷയെയാണ് തട്ടിക്കൊണ്ടുപോയത്. പിതൃസഹോദരിയുടെ മകളുടെ കാമുകനായ വരുണും മൂന്ന് സുഹൃത്തുക്കളുമാണ് അണ്ണാനഗറിൽനിന്ന് തസ്ലീമിനെ തട്ടിക്കൊണ്ടുപോയത്.
വരുണും യുവതിയും നാലുവർഷത്തോളമായി പ്രണയത്തിലായിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ യുവതിയുടെ വീട്ടുകാർ വരുണിന്റെ വിവാഹാഭ്യർഥന നിരസിക്കുകയും മറ്റൊരാളുമായി യുവതിക്ക് വിവാഹനിശ്ചയം നടത്തുകയും ചെയ്തു. വരുണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതിയെ വീട്ടുകാർ വെല്ലൂരിലെ ബന്ധുവീട്ടിലേക്ക് മാറ്റി.
ബന്ധുവിനെ തട്ടിക്കൊണ്ടുപോയി വിലപേശി യുവതിയെ സ്വന്തമാക്കാമെന്നായിരുന്നു വരുണിന്റെ കണക്കുകൂട്ടൽ. എന്നാൽ യുവതിയുടെ ബന്ധുക്കൾ പോലീസിനെ സമീപിച്ചതോടെ നീക്കം പാളി. മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പ്രതികൾ മഹാബലിപുരത്തുണ്ടെന്ന് പോലീസ് മനസ്സിലാക്കി. പോലീസ് സംഘമെത്തിയപ്പോഴേക്കും കാറുപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചതായി പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..