
മലയാറ്റൂരിലെ പാറമടയിൽ സ്ഫോടനം നടന്ന സ്ഥലം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ | മാതൃഭൂമി
കൊച്ചി: മലയാറ്റൂരിലെ പാറമടയിലുണ്ടായ സ്ഫോടനത്തില്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. പാറമട ഉടമ റോബിന്‍സണ്‍, നടത്തിപ്പുകാരന് ബെന്നി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. നരഹത്യയ്ക്ക് പുറമേ, അനധികൃതമായി സ്ഫോടക വസ്തു കൈവശംവെച്ചതിനുള്ള കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
പാറമടയിലെ വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. രണ്ട് തൊഴിലാളികളെയും ഇവിടെ പാര്‍പ്പിച്ചിരുന്നു. പാറമട ഉടമകള്‍ക്ക് ഈ കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. അപകടസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസന്‍സ് അനുവദിച്ചിരുന്നത്. സംഭവത്തില്‍ പോലീസിന് പുറമേ റവന്യൂ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയോട് ചേര്‍ന്ന കെട്ടിടത്തില്‍ സ്ഫോടനമുണ്ടായത്. അപകടത്തില്‍ തമിഴ്നാട്, കര്‍ണാടക സ്വദേശികളായ രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. സ്ഫോടനത്തില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചുവീണു. സമീപത്തെ മരങ്ങളും കടപുഴകി. മരിച്ചവരില്‍ ഒരാളുടെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക സ്വദേശിയുടെ മൃതദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ആലുവ റൂറല്‍ എസ്.പി. കാര്‍ത്തിക് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിരുന്നു.
Content Highlights: malayatoor quarry blast police booked case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..