തിരുപ്പൂരിൽ കേരള എക്സൈസ് വിഭാഗം തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പിടികൂടിയ കഞ്ചാവ്
തിരുപ്പൂര്‍: കൊഴിഞ്ഞാമ്പാറ അതിര്‍ത്തിയില്‍ കേരള എക്സൈസ് ഇന്റലിജന്‍സ് സംഘത്തെ വെട്ടിച്ചുകടന്ന കഞ്ചാവുകടത്തുസംഘത്തെ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ പിടികൂടി. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേരള എക്സൈസ് സംഘമാണ് ഇവരെ പിടിച്ചത്.
തൊടുപുഴ കാഞ്ഞിരമുറ്റം തീയന്നൂര്‍ വീട്ടില്‍ വിഷ്ണുവെന്നു വിളിക്കുന്ന ശിവറാം (29), പാലാ മുന്നാഞ്ഞി തറക്കുന്നല്‍ വീട്ടില്‍ മത്തായിയെന്നു വിളിക്കുന്ന ജോബി ജോസഫ് (45) എന്നിവരെയാണ് കഞ്ചാവ് കടത്തുകയായിരുന്ന ലോറിയുമായി പിടികൂടിയത്. ഇവരോടൊപ്പമുള്ള തൊടുപുഴ സ്വദേശി ജിജോ, കോട്ടയം അതിരമ്പുഴ സ്വദേശി നിഖില്‍ എന്നിവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.
ഇവരില്‍നിന്ന് 190 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ പാലക്കാട് കൊഴിഞ്ഞാമ്പാറ മേഖലയില്‍ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ആന്ധ്രാപ്രദേശില്‍നിന്ന് കഞ്ചാവ് ലോറിയില്‍ കടത്തിക്കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ടത്. എക്സൈസിനെ വെട്ടിച്ച പ്രതികള്‍ പൊള്ളാച്ചിവഴി അവിനാശിയിലും തുടര്‍ന്ന് തിരുപ്പൂരിലും എത്തി.
സിറ്റി പോലീസ് കമ്മിഷണര്‍ എ.ജി. ബാബുവിന്റെ സഹായത്തോടെ 15 വേലംപാളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേരള എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. 88 പായ്ക്കറ്റുകളിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്.
തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍ കുമാര്‍, അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, കെ.എസ്. ഷിബു, പ്രിവന്റീവ് ഓഫീസര്‍മാരായ ലോനപ്പന്‍, പി.കെ. സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഖില്‍ദാസ്, സി.ടി. ഷംനാസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിക്കാനെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം കേരള എക്സൈസ് സംഘത്തിന് കൈമാറി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..