ദീപുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ | Screengrab: Mathrubhumi News
തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ ജനക്കൂട്ടം അടിച്ചുകൊന്നത് മലയിന്‍കീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെയും സ്ഥിരീകരണം. തമിഴ്‌നാട് പോലീസില്‍നിന്ന് വിവരം ലഭിച്ചതോടെ മലയിന്‍കീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി. ദീപുവിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം അറിയിച്ചതോടെ ഇരുവരും പൊട്ടിക്കരഞ്ഞു.
ഒരു വര്‍ഷത്തിലേറെയായി ദീപു വീട്ടില്‍ വരാറില്ലെന്നാണ് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ മൊഴി. കഴിഞ്ഞവര്‍ഷം ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ദീപുവും പ്രതിയായിരുന്നു. ഇതിനുപിന്നാലെയാണ് മകന്‍ ഒളിവില്‍പോയതെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു.
ദീപുവിനെതിരേ മലയിന്‍കീഴ്, ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ദീപുവിനൊപ്പമുണ്ടായിരുന്ന അരവിന്ദും ചില കേസുകളില്‍ പ്രതിയാണ്. പൂജപ്പുരയില്‍ താമസിക്കുന്ന അരവിന്ദ് മിട്ടു അരവിന്ദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളിയിലെ അല്ലൂരില്‍ മലയാളി യുവാക്കളെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. മോഷ്ടാക്കളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരിക്കേറ്റ ദീപുവിനെയും അരവിന്ദിനെയും പിന്നീട് പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു മരിച്ചിരുന്നു. അരവിന്ദിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നവിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ തമിഴ്‌നാട് പോലീസ് ഉടന്‍തന്നെ കേരളത്തിലെത്തുമെന്നും സൂചനയുണ്ട്.
Content Highlights: malayali youth killed in tamilnadu by mob attack kerala police confirmed and identified the victim
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..