നിതിക
കടുത്തുരുത്തി: ജർമനിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. കീൽ ക്രിസ്റ്റ്യാൻ ആൽബ്റെഷ്ട് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ വിഭാഗത്തിൽ മെഡിക്കൽ ലൈഫ് സയൻസിൽ പഠിക്കുന്ന ആപ്പാഞ്ചിറ പൂഴിക്കോൽ മുടക്കാമ്പുറത്ത് ബെന്നിയുടെ മകൾ നിതിക (22) യെയാണ് സ്റ്റുഡന്റ്സ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച
നിലയിൽ കണ്ടെത്തിയത്.
നിതികയെ കാണാതിരുന്നതിനെ തുടർന്ന് മലയാളി സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ സ്വന്തം മുറിയിലെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ എമർജൻസി വിഭാഗത്തിലെ ഡോക്ടറെ അറിയിക്കുകയും തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രിയിൽ മരണം സംഭവിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണം സ്ഥിരീകരിക്കാനാവൂ. ജർമനിയിലെ പോലീസ് നടപടികൾ പൂർത്തിയായെങ്കിൽ മാത്രമേ മറ്റു നടപടികൾ തീരുമാനിക്കാനാവൂ. വിദ്യാർഥിനിയുടെ ബന്ധുക്കളെ മോൻസ് ജോസഫ് എം.എൽ.എ. വീട്ടിലെത്തി ആശ്വസിപ്പിച്ചു.
മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടും മോൻസ് ജോസഫ് കേന്ദ്രമന്ത്രി വി.മുരളീധരനുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. ജർമനിയിലെ മലയാളി സംഘടനാ ഭാരവാഹികളുമായി ബന്ധപ്പെട്ട് എം.എൽ.എ. വിവരങ്ങൾ ആരാഞ്ഞു.
നിതിക ആറുമാസം മുമ്പാണ് ജർമനിയിൽ മാസ്റ്റർ ബിരുദ പഠനത്തിനായി എത്തിയത്. നിതിക ഒരു ഇന്ത്യാക്കാരി വിദ്യാർഥിനിക്കൊപ്പമാണ് മുറിയിൽ താമസിച്ചിരുന്നത്.നിതികയുടെ മരണവിവരം കീൽ പോലീസ് നിതികയുടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. 12 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് 2021-ലെ സമ്മർ സെമസ്റ്ററിൽ നിതികയ്ക്കൊപ്പംകീൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നത്. അമ്മ: ത്രേസ്യാമ്മ (മിലിട്ടറി നഴ്സ്). സഹോദരൻ: ആശീഷ്.
Content Highlights:malayali student found dead in germany
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..