വെടിവെപ്പുണ്ടായ ബ്യൂട്ടി സപ്ലൈ സ്റ്റോർ പ്രവർത്തിച്ചിരുന്ന ബിഗ് ഡോളർ മാർട്ട്. ഇൻസെറ്റിൽ കൊല്ലപ്പെട്ട സാജൻമാത്യു
പത്തനംതിട്ട: സൗഹൃദത്തിനെന്നും വിലകല്‍പ്പിച്ചിരുന്ന കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യു കൂട്ടുകാര്‍ക്ക് പ്രിയപ്പെട്ട സജിയായിരുന്നു. സ്‌നേഹബന്ധത്തില്‍നിന്നാണ് പുത്തന്‍ സംരംഭം തുടങ്ങുന്നതും. സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡാലസ് കൗണ്ടിയിലെ മെസ്‌കിറ്റ് സിറ്റിയില്‍ പുതിയ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത് അടുത്തിടെയാണ്. രണ്ടുമാസം മുമ്പുവരെ എല്ലാദിവസവും ബ്യൂട്ടി സപ്ലൈ സ്റ്റോറിലെത്തിയിരുന്ന സാജന്‍, മൂത്തമകളുടെ വിവാഹശേഷം ആഴ്ചയില്‍ രണ്ടുദിവസം മാത്രമായിരുന്നു കടയിലെത്തിയിരുന്നത്. അങ്ങനെയെത്തിയ ഒരു ബുധനാഴ്ചയാണ് അക്രമിയുടെ വെടിയേറ്റ് ടെക്‌സസില്‍വെച്ച് കൊല്ലപ്പെടുന്നത്.
കോഴഞ്ചേരി സെയ്ന്റ് തോമസ് കോളേജിലെ വിദ്യാഭ്യാസത്തിനുശേഷമാണ് സാജന്‍ വിദേശത്തേക്കുപോയത്.
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷംമുമ്പാണ് സാജന്‍ അവസാനമായി കോഴഞ്ചേരിയിലെത്തിയത്. നാട്ടിലെത്തിയാല്‍ പഴയ സ്‌നേഹബന്ധങ്ങള്‍ പുതുക്കാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തിയിരുന്നതായും ഡിസംബറില്‍ നാട്ടിലെത്താനുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചതെന്നും സഹോദരന്‍ ജോണ്‍ മാത്യു പറഞ്ഞു.
സഹോദരനും അടുത്തബന്ധുക്കളുമാണ് നാട്ടില്‍ സ്ഥിരതാമസം. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ പള്ളി അംഗമായ സാജന്‍ മലയാളിസമാജത്തിലെ സജീവ സാന്നിധ്യമായിരുന്നു.
ഡാലസിലെ മലയാളിസമൂഹത്തിന് അപ്രതീക്ഷിതമായിരുന്നു സാജന്റെ വേര്‍പാട്. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരാന്‍ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തുന്നത്.
കോഴഞ്ചേരി സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് മരിച്ച സംഭവം: 15-കാരന്‍ പിടിയില്‍
മെസ്‌കിറ്റ്: അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരേ ടെക്സസ് പോലീസ് കൊലക്കുറ്റം ചുമത്തി.
മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സ്റ്റോര്‍ നടത്തിയിരുന്ന കോഴഞ്ചേരി ചെറുകോല്‍ സ്വദേശി ചരുവേല്‍ പുത്തന്‍വീട്ടില്‍ സാജന്‍ മാത്യു (സജി-56) ഇന്നലെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് 1.40-ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചുകയറിയ അക്രമി പണം ആവശ്യപ്പെട്ടതിന് പിന്നാലെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..