പിടികൂടിയ കള്ളനൊപ്പം റോണിമോൾ ജോസഫും(വലത്ത്) വിദ്യയും(ഇടത്ത്) | Photo: Special Arrangement
കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കൈയോടെ പിടികൂടി മലയാളി വനിതാ ആര്‍.പി.എസ്.എഫ്. ഉദ്യോഗസ്ഥര്‍. ബംഗാളിലെ അസന്‍സോളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ്(ആര്‍.പി.എസ്. എഫ്) കോണ്‍സ്റ്റബിള്‍മാരായ റോണിമോള്‍ ജോസഫ്, എസ്.വി. വിദ്യ എന്നിവരാണ് മാലക്കള്ളനെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 5.40-ഓടെ അസന്‍സോള്‍ ഡോമാഹാനി റെയില്‍വേ കോളനിക്ക് അടുത്തായിരുന്നു സംഭവം.
പ്രഭാതസവാരിക്കിടെയാണ് ബൈക്കിലെത്തിയ യുവാവ് റോണിമോളുടെ മാല പൊട്ടിച്ചെടുത്തത്. റെയില്‍വേ കോളനിക്ക് സമീപത്തെ റെയില്‍വേ പാലത്തിനടിയില്‍ വെച്ചായിരുന്നു സംഭവം. മാല പൊട്ടിച്ചയുടന്‍ റോണിമോള്‍ യുവാവിന്റെ കൈയില്‍ പിടിച്ചു. ഇതോടെ യുവാവും ബൈക്കും നിലത്തുവീണു. തുടര്‍ന്ന് റോണിമോളും വിദ്യയും ചേര്‍ന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇവര്‍ വിവരമറിയച്ചതനുസരിച്ച് ആര്‍.പി.എഫ്. സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ബര്‍ദ്വാന്‍ സ്വദേശിയായ ഈശ്വര്‍ ലാല്‍ ദാസ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മാലക്കള്ളനെ ധൈര്യപൂര്‍വം നേരിട്ട വനിതാ ഉദ്യോഗസ്ഥരെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.
കീഴ്‌പ്പെടുത്താന്‍ കുറച്ച് പാടുപ്പെട്ടു, മാല പൊട്ടി കഷണങ്ങളായി...
മാലക്കള്ളനെ കീഴ്‌പ്പെടുത്താന്‍ താനും സഹപ്രവര്‍ത്തകയായ വിദ്യയും കുറച്ച് പാടുപ്പെട്ടെന്ന് ആര്‍.പി.എസ്.എഫ്. കോണ്‍സ്റ്റബിളായ റോണിമോള്‍ ജോസഫ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. "പ്രതിയായ യുവാവിനെ പ്രഭാതസവാരിക്കിടെ നേരത്തെയും ശ്രദ്ധിച്ചിരുന്നു. പ്രത്യേക രീതിയില്‍ തൂവാല കെട്ടിയാണ് ഇയാള്‍ ബൈക്കില്‍ പോയിരുന്നത്. സംഭവദിവസം രണ്ട് തവണ ഇയാള്‍ ഞങ്ങളെ മറികടന്ന് ബൈക്കില്‍ പോയി. അതുപോലെ തിരിച്ചുവരികയും ചെയ്തു. ഞങ്ങള്‍ നടന്ന് പാലത്തിന് അടിയിലെത്തിയപ്പോളാണ് അയാള്‍ വീണ്ടും ബൈക്കിലെത്തി മാല പൊട്ടിച്ചത്. ആരുമില്ലാത്ത സ്ഥലമായതിനാലാകാം അവിടെവെച്ച് പൊട്ടിച്ചത്. ഉടന്‍തന്നെ ഞാന്‍ അയാളുടെ കൈയില്‍ പിടിച്ചു. അയാളും ബൈക്കും നിലത്തുവീണു. വിദ്യയും ഞാനും പിന്നീട് കൈകള്‍ കൂട്ടിപിടിച്ച് ലോക്ക് ചെയ്തു. കുതറി രക്ഷപ്പെടാന്‍ അയാള്‍ ശ്രമിച്ചിരുന്നു. കീഴ്‌പ്പെടുത്താന്‍ കുറച്ച് പാടുപെടേണ്ടി വന്നു. പത്ത് മിനിറ്റോളമെടുത്താണ് കീഴ്‌പ്പെടുത്താനായത്. ചിലര്‍ അടുത്തുണ്ടായിരുന്നു. ഒരുപക്ഷേ, ആയുധങ്ങളുണ്ടാകുമെന്ന് കരുതിയാകാം അവരാരും ഇടപെട്ടില്ല, നോക്കിനിന്നതേയുള്ളൂ. ഇതിനിടെ സഹപ്രവര്‍ത്തകരെ വിളിച്ചറിയിച്ചു. തുടര്‍ന്ന് സമീപത്തെ ആര്‍.പി.എഫ്. പോസ്റ്റില്‍നിന്ന് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു'- ദേശീയതലത്തില്‍ റോവിങ് താരം കൂടിയായി റോണിമോള്‍ ജോസഫ് പറഞ്ഞു.

റോണിമോളുടെ പത്ത് ഗ്രാമിന്റെ സ്വര്‍ണമാലയാണ് കള്ളന്‍ പൊട്ടിച്ചെടുത്തത്. ഇത് പല കഷണങ്ങളായിരുന്നു. കള്ളന്റെ കൈയില്‍നിന്ന് 4.6 ഗ്രാം മാത്രമാണ് കണ്ടെടുക്കാനായത്. അറസ്റ്റിലായ ഈശ്വര്‍ ലാല്‍ ദാസ് നേരത്തെയും സമാന കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍.പി.എഫ്. വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച് മൊബൈല്‍ ഫോണും മാലയും പണവും തട്ടിയെടുത്തിരുന്നു. ഈശ്വര്‍ലാല്‍ ദാസും മറ്റൊരാളും ചേര്‍ന്നാണ് ഈ കവര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെയാണ് മലയാളി വനിതാ ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാനുള്ള ശ്രമവുമുണ്ടായത്.
ആലപ്പുഴ സ്വദേശിയായ റോണിമോള്‍ ജോസഫും തിരുവനന്തപുരം സ്വദേശി എസ്.വി. വിദ്യയും കഴിഞ്ഞ ആറ് വര്‍ഷമായി ആര്‍.പി.എസ്.എഫിലെ ലേഡി കോണ്‍സ്റ്റബിള്‍മാരാണ്. നേരത്തെ തിരുവനന്തപുരത്തും പാലക്കാടും ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ അസന്‍സോളിലെ ആര്‍.പി.എസ്.എഫ്. 16 ബറ്റാലിയനിലാണ് ജോലിചെയ്യുന്നത്. വിദേശത്ത് നഴ്‌സായ വിപിന്‍ തോമസാണ് റോണിമോളുടെ ഭര്‍ത്താവ്. തിരുവനന്തപുരം ചിട്ടിക്കോണം സ്വദേശി പ്രകാശ് ഷായാണ് വിദ്യയുടെ ഭര്‍ത്താവ്.
Content Highlights: malayali rpsf lady constables caught chain snatcher in asansol west bengal


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..