ഷീജ കൃഷ്ണൻ | Photo: Facebook.com|SheejaKrishnan
പൊൻകുന്നം: ജീവനൊടുക്കുമെന്ന് കൂട്ടുകാർക്കയച്ച ശബ്ദസന്ദേശം കേട്ട് കണ്ണീരടക്കാനാകാതെ ഷീജ കൃഷ്ണന്റെ അച്ഛനും അമ്മയും സഹോദരങ്ങളും. ഇംഗ്ലണ്ടിൽ കവൻട്രി റൂസ്റ്റർഷെയറിലെ റെഡിച്ച് പട്ടണത്തിലെ വീട്ടിലാണ് തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറക്കടവ് ഓലിക്കൽ കൃഷ്ണൻകുട്ടിയുടെയും ശ്യാമളയുടെയും മകളാണ് ഷീജ(ഷീന).
പാലാ അമനകര സ്വദേശി ബൈജുവാണ് ഭർത്താവ്. ഷീജക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോകാൻ അവസരം ലഭിച്ച ബൈജു അവിടെ വീടുകളിലും സ്ഥാപനങ്ങളിലും ഫിറ്റിങ് ജോലികൾ ചെയ്യുകയായിരുന്നു. ആയുഷ്, ധനുഷ് എന്നിവർ മക്കളാണ്. ഇവരൊന്നിച്ച് താമസിക്കുകയായിരുന്നു.
ഭർത്താവിന്റെ സുഹൃത്തുക്കൾ ആദ്യം അറിയിച്ചത് പനിയെത്തുടർന്ന് ഹൃദയാഘാതത്താൽ മരിച്ചുവെന്നാണ്. എന്നാൽ, പിന്നീട് ഷീജയുടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടപ്പോൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അറിഞ്ഞത്.
മരണം നടന്ന ദിവസം മക്കളിൽ ഒരാൾക്ക് പനിയായതിനാൽ ബൈജു ജോലിസ്ഥലത്തുനിന്നെത്തി ആശുപത്രിയിൽ കൊണ്ടുപോയെന്നും തിരികെയെത്തി വീടിന് മുൻപിൽ മകനെ ഇറക്കിവിട്ട് മടങ്ങിയെന്നുമാണ് പോലീസിന് നൽകിയ മൊഴി. വീടിനുള്ളിൽ കയറിയ മകൻ ഷീജയെ മരിച്ച നിലയിൽ കണ്ടെത്തി. മകൻ അറിയിച്ചതനുസരിച്ച് മടങ്ങിയെത്തുകയായിരുന്നുവെന്നാണ് പോലീസിനും എമർജൻസി മെഡിക്കൽ സർവീസ് വിഭാഗമായ പാരാമെഡിക്സ് ഗ്രൂപ്പിനും ബൈജു നൽകിയ മൊഴി.
സങ്കടങ്ങൾ പറഞ്ഞ് ശബ്ദസന്ദേശം
മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ അടുത്ത സുഹൃത്തുക്കൾക്ക് ഷീജ കുടുംബപ്രശ്നങ്ങൾ വെളിപ്പെടുത്തി ശബ്ദസന്ദേശം അയച്ചിരുന്നു. അവർ ഈ സന്ദേശങ്ങൾ നാട്ടിലെ ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെക്കുറിച്ചും പനിയായി കിടപ്പായപ്പോൾ നോക്കിയില്ലെന്നും പറയുന്നുണ്ട്. ഇന്ത്യൻ രൂപ ആറുലക്ഷം ശമ്പളമുണ്ടായിട്ടും ജീവിതത്തിൽ സ്വസ്ഥതയില്ലെന്നും ജീവനൊടുക്കുമെന്നും സൂചിപ്പിച്ചിരുന്നു.
മകളുടെ ദുരവസ്ഥ അമ്മ നേരിൽകണ്ടു
ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോൾ പരിചരണത്തിനായി അമ്മ ശ്യാമള ഇംഗ്ലണ്ടിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. അന്ന് ഷീജയോട് ഭർത്താവ് പരുഷമായി പെരുമാറുന്നതിൽ അമ്മ ദൃക്സാക്ഷിയാണെന്ന് കുടുംബാംഗങ്ങൾ സൂചിപ്പിച്ചു. എന്നാൽ, പരമാവധി പൊരുത്തപ്പെട്ടു പോകാൻ ഷീജ ശ്രമിച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ശമ്പളം ഭർത്താവുമായി ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെന്നും ഷീജയുടെ ആവശ്യത്തിന് പണമെടുക്കാൻ അനുവദിക്കാറില്ലായിരുന്നുവെന്നും ഇവർ പറയുന്നു. റെഡിച്ചിൽ വീട് വാങ്ങിയതും ഷീജയുടെ ശമ്പളമുപയോഗിച്ചാണ്.
അവസാനമായി മോളെ ഒന്നുകാണണം
മൃതദേഹം ഒരു നോക്കു കാണാനെങ്കിലും അനുവദിക്കണമെന്നാണ് അച്ഛന്റെയും അമ്മയുടെയും ആവശ്യം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും നിവേദനം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് വി.മുരളീധരൻ അറിയിച്ചു.
എന്നാൽ, അവിടത്തെ നിയമപ്രകാരം ഭർത്താവിന്റെകൂടി സമ്മതമുണ്ടെങ്കിലേ മൃതദേഹം കൊണ്ടുപോരാനാകൂ എന്ന് പ്രദേശത്തുള്ള മലയാളികൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. മരണത്തിന് പിന്നിൽ ഭർതൃപീഡനമെന്ന പരാതിയുള്ളതിനാൽ അക്കാര്യം ഹൈക്കമ്മീഷന് ബോധ്യപ്പെട്ട് ഇടപെടൽ നടത്തേണ്ടിവരും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:malayali nurse sheeja krishnan death in england


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..