പി.ടി.വർഗീസ്, സാലമ്മ
ചെന്നൈ: ആവഡിയിൽ വിഷം ഉള്ളിൽച്ചെന്ന് ഇടുക്കി കട്ടപ്പന സ്വദേശി മരിച്ചതിന് പിന്നാലെ ഭാര്യയും മരിച്ചു. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ പി.ടി. വർഗീസ് (55) ഭാര്യ സാലമ്മ (46) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ അരുൺ (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആവഡി മുത്താപുതുപ്പേട്ടിൽ താമസിക്കുന്ന കുടുംബത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ചോറും സാമ്പാറും കാബേജ് കറിയും കഴിച്ചതിനുശേഷമാണ് മൂവർക്കും ഛർദിയും ശാരീരികാസ്വസ്ഥതകളുമുണ്ടായത്. മകൾ ആഷ്ലിയ (21) വയറുവേദന കാരണം ഇവർക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല.
ആവഡിയിലെ സി.ആർ.പി.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിനെയും ഭാര്യയെയും മകനെയും നില വഷളായതോടെയാണ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ബുധനാഴ്ച വർഗീസ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സാലമ്മ മരിച്ചത്. ചികിത്സയിൽക്കഴിയുന്ന അരുണിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.
ഭക്ഷണത്തിൽനിന്നാണ് വിഷം ഉള്ളിൽച്ചെന്നതെന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത മുത്താപുതുപ്പേട്ട പോലീസ് പറഞ്ഞു.
ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. ആത്മഹത്യാ സാധ്യതയടക്കം മറ്റുവശങ്ങളും പരിശോധിക്കുന്നുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വിശദവിവരങ്ങൾ അറിയാനാകൂ. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..