പിടിയിലായ ജേക്കബ്, വ്യാജ ആന്റി റേഡിയേഷൻ കിറ്റ്
കൊച്ചി: 'ഇറിഡിയം' അടങ്ങിയ റൈസ് പുള്ളര്‍ വിറ്റ് കോടീശ്വരനാക്കാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷത്തിലേറെ രൂപ തട്ടിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ബെംഗളൂരു ബന്‍ജാര ലേ ഔട്ടില്‍ താമസിക്കുന്ന ജേക്കബ്ബിനെ (55) എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.
വാഷിങ്ടണ്‍ ആസ്ഥാനമായുള്ള 'ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ്' എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്റ്റ് ആണെന്നും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞ് വര്‍ഷങ്ങളായി രാജ്യത്തുടനീളം 'റൈസ് പുള്ളറി'ന്റെ പേരില്‍ തട്ടിപ്പ് നടത്തിവരികയായിരുന്നു പ്രതി.
'ക്രൈം മാഗസിന്‍' ഉടമ നന്ദകുമാറിന് റൈസ് പുള്ളര്‍ കൊടുക്കാം എന്നു പറഞ്ഞ് 2016 മുതല്‍ പല തവണയായി 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.
ഇടനിലക്കാര്‍ വഴി നന്ദകുമാറിനെ സമീപിച്ച ചിലര്‍ കോയമ്പത്തൂരിന് അടുത്തുള്ള ഒരു വീട്ടില്‍ കോടികള്‍ വിലമതിക്കുന്ന, ന്യൂക്ലിയര്‍ പവറുള്ള ഇറിഡിയം റൈസ് പുള്ളര്‍ ഉണ്ടെന്നും അത് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ സഹായത്തോടെ നാസയ്ക്ക് വില്‍ക്കാന്‍ പറ്റും എന്നും പറഞ്ഞു വിശ്വസിപ്പിച്ച് നന്ദകുമാറിനെ കൂട്ടിക്കൊണ്ടുപോയി.
ഇത് പരിശോധിക്കാന്‍ ജേക്കബ്ബിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഇയാള്‍, റൈസ് പുള്ളര്‍ പരിശോധിക്കാന്‍ 'ആന്റി റേഡിയേഷന്‍ കിറ്റ്' വേണമെന്നും അതുമായി വരാമെന്നും ടെസ്റ്റ് ചെയ്യാനായി 25 ലക്ഷം രൂപ വേണമെന്നും പറയുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ നാസയ്ക്ക് ഒരു ലക്ഷം കോടി രൂപയ്ക്ക് വില്‍ക്കാന്‍ പറ്റും എന്നും പറഞ്ഞു വിശ്വസിപ്പിച്ചു. നന്ദകുമാര്‍ ഈ തുക കൊടുക്കുകയും ചെയ്തു.
എന്നാല്‍, പരിശോധനയ്ക്കു ശേഷം ആ റൈസ് പുള്ളറിന് പവര്‍ ഇല്ല എന്നു പറഞ്ഞ് വീണ്ടും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ റൈസ് പുള്ളര്‍ കാണിക്കാനായി കൊണ്ടുപോകുകയും ഓരോ തവണയും ടെസ്റ്റിങ് ചാര്‍ജായി വന്‍ തുക കൈക്കലാക്കുകയുമായിരുന്നു.
ഒടുവില്‍ തട്ടിപ്പ് മനസ്സിലായതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു. എറണാകുളം ഭാഗത്ത് ഒരു പഴയ വീട്ടില്‍ റൈസ് പുള്ളര്‍ ഉണ്ടെന്നും അതു പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ 25 ലക്ഷം രൂപ തരാമെന്നും പറഞ്ഞപ്പോള്‍ പ്രതി ബെംഗളൂരുവില്‍ നിന്ന് എറണാകുളത്ത് എത്തുകയും പോലീസിന്റെ വലയിലാകുകയുമായിരുന്നു.
പ്രതിയില്‍നിന്ന് വ്യാജ ഐ.ഡി. കാര്‍ഡുകളും ആന്റി റേഡിയേഷന്‍ കിറ്റ് ആണെന്നു പറഞ്ഞ് കൊണ്ടുവന്നിരുന്ന, ഫയര്‍ സര്‍വീസുകാര്‍ ഉപയോഗിക്കുന്ന കോട്ടും കണ്ടെത്തി. ഇയാളുടെ കൂട്ടാളികള്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.
എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നിര്‍ദേശാനുസരണം നോര്‍ത്ത് എസ്.ഐ. വി.ബി. അനസ്, എ.എസ്.ഐ.മാരായ ശ്രീകുമാര്‍, വിനോദ് കൃഷ്ണ, പോലീസുകാരായ സിനീഷ്, അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എന്താണ് ഇറിഡിയംറൈസ് പുള്ളര്‍...?
അന്ധവിശ്വാസികളെ കബളിപ്പിച്ച് പണം തട്ടാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന, അദ്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന 'ചെമ്പുകുടം' ആണ് 'റൈസ് പുള്ളര്‍'. 'ഇറിഡിയം കോപ്പര്‍' എന്ന അദ്ഭുത ലോഹംകൊണ്ട് നിര്‍മിച്ചിരിക്കുന്ന ഇതിന് ആകര്‍ഷണ ശക്തിയുണ്ടെന്നാണ് അവകാശവാദം.
ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാനും മറ്റും ഇത് ഉപയോഗിക്കുന്നുവെന്നും നാസയും ഐ.എസ്.ആര്‍.ഒ.യും മറ്റും ലോഹത്തിന്റെ ആവശ്യക്കാരെന്നുമാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിക്കുക.
അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ലോഹമാണ് ഇറിഡിയം കോപ്പര്‍ എന്നാണ് തട്ടിപ്പുകാരുടെ അവകാശവാദം. അരിമണികളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളര്‍ എന്ന പേര് വരാന്‍ കാരണം.
Content Highlights: main accused arrested in Rice Puller fraud case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..