അബ്ദുൾകരീം
ഉളിക്കൽ: മതപഠനത്തിനെത്തുന്ന കുട്ടികളെ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും വീടുകളിൽനിന്ന് സ്വർണാഭരണം വരുത്തി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മദ്രസാധ്യാപകനെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. നുച്യാട് മദ്രസയിൽ അധ്യാപകനായിരുന്ന കോഴിക്കോട് കല്ലായിയിലെ കണ്ണോത്തുപറമ്പിൽ അബ്ദുൾകരീം (43)ആണ് അറസ്റ്റിലായത്.
ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കാസർകോട്ടുനിന്നാണ് പിടിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പോക്സോ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കോവിഡ് പരിശോധനയിൽ ഇയാൾ പോസിറ്റീവായതിനാൽ തോട്ടട കോവിഡ് സെന്ററിൽ പ്രവേശിപ്പിച്ചു.
അറബിത്തട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞദിവസം രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനുപിന്നാലെ ഒളിവിൽ പോകുകയായിരുന്നു. നാലുവർഷത്തിലധികമായി നുച്യാട് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയതായാണ് പരാതി. സ്വർണാഭരണങ്ങൾ നൽകിയാൽ കുട്ടികൾക്ക് ദിവ്യാത്ഭുതശേഷിയുണ്ടാകുമെന്നും ദൈവത്തെ നേരിൽ കാണാമെന്നുമൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കബളിപ്പിക്കൽ നടത്തിയതെന്ന് ഉളിക്കൽ പോലീസിൽ ലഭിച്ച പരാതികളിൽ പറയുന്നു.
ആഭരണങ്ങൾ എത്തിക്കാത്ത കുട്ടികളെ പേടിപ്പിച്ചും മർദിച്ചും വരുതിയിൽ നിർത്തിയതായും പരാതിയുണ്ട്. നുച്യാട് സ്വദേശിയുടെ വീട്ടിൽനിന്ന് അഞ്ചുപവന്റെ സ്വർണാഭരണം നഷ്ടപ്പെട്ടതാണ് അറസ്റ്റിലേക്കെത്തിയത്.
ഉളിക്കൽ എസ്.ഐ. കെ.വി.നിഷിത്ത്, സി.പി.ഒ.മാരായ എം.ആർ.രാജീവൻ, കെ.വി.പ്രഭാകരൻ, ടി.കെ.ഉമേശൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അബ്ദുൾ കരീമിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റുചെയ്ത പോലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി.
Content Highlights:madrassa teacher arrested in ulikkal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..