ഫാത്തിമ ലത്തീഫ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ | Photo: Mathrubhumi & ANI
കൊല്ലം: ചെന്നൈ ഐ.ഐ.ടി.വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമ ലത്തീഫ് ആത്മഹത്യചെയ്ത സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം എങ്ങുമെത്തിയില്ല. ഫാത്തിമ മരിച്ച് ചൊവ്വാഴ്ച രണ്ടുവര്‍ഷം തികയുന്നു. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കാനായി തമിഴ്നാട് മുഖ്യമന്ത്രിയെയടക്കം കാണാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
2019 നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ ഫാത്തിമ(18)യെ ഹോസ്റ്റല്‍മുറിയിലെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഒന്നാംവര്‍ഷ എം.എ.ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയായ ഫാത്തിമയ്ക്ക് ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാലാണ് ആത്മഹത്യചെയ്തത്. മരണത്തിന് ഉത്തരവാദികളായ അധ്യാപകരെപ്പറ്റിയുള്ള വിവരങ്ങള്‍ ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. ചെന്നൈ കോട്ടൂര്‍പുരം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനംമൂലം മൊഴിയെടുപ്പും തുടര്‍നടപടികളും നീണ്ടു.
മാസങ്ങള്‍ക്കുമുന്‍പ് തെളിവെടുപ്പിനായി സി.ബി.ഐ. സംഘം കൊല്ലത്ത് എത്തിയിരുന്നു. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനായി സി.ബി.ഐ. ചെന്നൈ യൂണിറ്റിലെത്താന്‍ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസന്വേഷണം വേഗത്തിലാക്കാന്‍ സഹായംതേടി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയും ലത്തീഫ് കാണുന്നുണ്ട്. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെയും കാണും.
ഫാത്തിമയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തും. എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാമ്പസുകളിലും കൊല്ലം ചിന്നക്കടയിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..