ഭോപാല്‍: മധ്യപ്രദേശില്‍ 20 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയ കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കഞ്ചാവ് വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ആമസോണ്‍ ഉപയോഗിച്ചെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ അന്വേഷണം വിപുലമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആമസോണിന്റെ ലോക്കല്‍ എക്‌സിക്യൂട്ടിവുകളെ പോലീസ് വിളിച്ചുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ വിശദീകരണം നല്‍കാന്‍ ആമസോണിന്റെ അഭിഭാഷകരും പോലീസിനെ കാണും.
കഴിഞ്ഞദിവസമാണ് 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യംചെയ്തതോടെയാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണ്‍ വഴിയാണ് കഞ്ചാവ് വാങ്ങുകയും വില്‍ക്കുകയും ചെയ്തതെന്ന മൊഴി ലഭിച്ചത്. ഉണക്കിയ തുളസിയിലയെന്ന പേരില്‍ ഏകദേശം 1000 കിലോഗ്രാം കഞ്ചാവ് ആമസോണ്‍ വഴി വില്‍പ്പന നടത്തിയെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ആമസോണ്‍ വഴി എങ്ങനെയാണ് കഞ്ചാവ് വില്‍പ്പന നടത്തിയതെന്ന് കണ്ടെത്താന്‍ അന്വേഷണം വിപുലമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഗ്വാളിയോറിലെ ആമസോണിന്റെ ഡെലിവറി ഹബ്ബില്‍ പോലീസ് സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. കഞ്ചാവ് അടങ്ങിയ പാര്‍സലുകള്‍ ഡെലിവറി ചെയ്തതിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനാണ് ഇവിടെ പരിശോധന നടത്തിയത്.
'നിര്‍മ്മിതബുദ്ധി അടക്കം ഉപയോഗിക്കുന്ന അന്താരാഷ്ട്ര കമ്പനിയാണ് ആമസോണ്‍. അവരുടെ പ്ലാറ്റ്‌ഫോമില്‍ ഇത്തരത്തിലുള്ള കച്ചവടം നടക്കുന്നത് വലിയ സംഭവമാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ മനോജ് സിങ് പറഞ്ഞു. എങ്ങനെയാണ് ഇത് സാധ്യമായതെന്ന് വിശദീകരിക്കാനാണ് ആമസോണ്‍ എക്‌സിക്യൂട്ടീവുമാരെ വിളിച്ചുവരുത്തിയതെന്നും കമ്പനിയുടെ അഭിഭാഷകര്‍ പോലീസിനെ കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏതെങ്കിലും വില്‍പ്പനക്കാരന്‍ നിയമലംഘനം നടത്തിയിട്ടുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയില്‍ നിയമപ്രകാരം നിരോധിച്ച വസ്തുക്കളുടെ വില്‍പ്പനയും ലിസ്റ്റിങ്ങും ഒരിക്കലും തങ്ങള്‍ അനുവദിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ആമസോണ്‍ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആമസോണ്‍ വഴി കഞ്ചാവ് വിറ്റെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് 'കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സും(സിഎഐടി) രംഗത്തെത്തി.
Content Highlights: madhya pradesh police summoned amazon officials over marijuana sales
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..