Screengrab: Facebook.com|sandysahaofficial
കൊല്‍ക്കത്ത: നഗരത്തിലെ പ്രശസ്തമായ മാ ഫ്ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നവമാധ്യമ താരം നൃത്തം ചെയ്ത സംഭവത്തില്‍ പോലീസ് നടപടി. നവമാധ്യമ താരമായ സാന്റി സാഹയ്‌ക്കെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരേയും വാഹന ഉടമയ്‌ക്കെതിരേയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കാര്‍ ഡ്രൈവറില്‍നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും താത്കാലികമായി മരവിപ്പിച്ചു. ഡ്രൈവറോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ ഉടമയ്ക്കും നോട്ടീസ് നല്‍കി.
ദിവസങ്ങള്‍ക്ക് മുമ്പാണ് നവമാധ്യമ താരമായ സാന്റി സാഹ ഫ്ലൈഓവറിന് മുകളില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി നൃത്തം ചെയ്തത്. ഒരു ടാക്‌സി കാറിലാണ് ഇവര്‍ ഫ്ലൈ ഓവറിലെത്തിയത്. തുടര്‍ന്ന് കാറില്‍നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്യുകയും തന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയുമായിരുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്തയിലെ മാ ഫ്ലൈ ഓവറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് സാന്റി സാഹ വീഡിയോ ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. വീഡിയോ വൈറലായതോടെ ഫ്ലൈ ഓവറില്‍ നിയമം ലംഘിച്ച് വാഹനം നിര്‍ത്തിയതിന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, ഫ്ലൈ ഓവറിന് മുകളില്‍ വാഹനം നിര്‍ത്തരുതെന്ന നിയമം തനിക്കറിയില്ലായിരുന്നുവെന്നാണ് സാന്റി സാഹയുടെ വാദം.
Content Highlights: maa flyover viral dance by sandy saha police imposed fine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..