മിന്നലേറ്റ് മരിച്ചതല്ല, യുവാവിനെ കൊന്നത് ഷോക്കടിപ്പിച്ച്; കാമുകിയുടെ പിതാവ് പിടിയില്‍


പ്രതീകാത്മക ചിത്രം | PTI

ഭോപ്പാല്‍: നാല് മാസങ്ങള്‍ക്ക് ശേഷം യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ച് ഭോപ്പാല്‍ പോലീസ്. സംഭവത്തില്‍ യുവാവിന്റെ കാമുകിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഗുംഗ സ്വദേശി റയീസ് ഖാനാണ് പിടിയിലായത്.

2020 ഓഗസ്റ്റ് 29-നാണ് ഭോപ്പാല്‍ സ്വദേശി ധര്‍മേന്ദ്ര(26)യെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തത് യുവാവിന്റെ ബൈക്കും ഉണ്ടായിരുന്നു. രാത്രി യാത്രയ്ക്കിടെ മിന്നലേറ്റാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ചില സംശയങ്ങള്‍ നിലനിന്നതിനാല്‍ വെറും അപകടമരണമായി പോലീസ് കേസ് അവസാനിപ്പിച്ചില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബൈക്കില്‍ വരികയായിരുന്ന ധര്‍മേന്ദ്രയെ റയീസ് ഖാന്‍ തടഞ്ഞുനിര്‍ത്തി തലയ്ക്കടിച്ചെന്നും പിന്നീട് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ഹൈ-ടെന്‍ഷന്‍ വൈദ്യുതലൈനില്‍നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചാണ് കൊലപാതകം നടത്തിയത്. ശേഷം കത്തിക്കരിഞ്ഞ മൃതദേഹവും ബൈക്കും പ്രധാന റോഡിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അപകടമരണമാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതിന് പിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ മിന്നലേറ്റ് മരിച്ചെന്നായിരുന്നു സംഭവത്തില്‍ ആദ്യനിഗമനം. എന്നാല്‍ പലകാര്യങ്ങളിലും പൊരുത്തക്കേട് തോന്നിയതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. കൈ ചുരുട്ടിപിടിച്ചിരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയതും ഷാഹ്പുരയിലെ ഷോപ്പിങ് മാളില്‍ ജീവനക്കാരനായ ധര്‍മേന്ദ്ര എന്തിനാണ് ഗുംഗയില്‍ എത്തിയതെന്നതും സംശയത്തിനിടയാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുംഗ സ്വദേശിയായ പെണ്‍കുട്ടിയുമായി ധര്‍മേന്ദ്ര അടുപ്പത്തിലായിരുന്നുവെന്ന് കണ്ടെത്തിയത്. സംഭവദിവസം ധര്‍മേന്ദ്ര പെണ്‍കുട്ടിയെ കാണാനെത്തിയെന്നും തിരിച്ചുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് റയീസ് ഖാനെ പോലീസ് നിരീക്ഷണവലയത്തിലാക്കിയത്.

മകളും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന റയീസ് ഖാന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. മകളും ധര്‍മേന്ദ്രയും സ്ഥിരമായി കൂടിക്കാഴ്ച നടത്തുന്ന സ്ഥലം ഇയാള്‍ക്ക് അറിയാമായിരുന്നു. സംഭവദിവസം ഇരുവരും തമ്മില്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ധര്‍മേന്ദ്ര ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് റയീസ് ഖാന്‍ കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

Content Highlights: lovers father arrested in bhopal for killing a youth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented