പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പട്ന: ബിഹാറില്‍ ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടപ്പെട്ട സ്വകാര്യ ബാങ്ക് ജീവനക്കാരന് എടിഎം കൊള്ളയടിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് പിടിയിലായി. പട്നയിലെ പത്രകര്‍ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്വകാര്യ ഏജന്‍സിയുടെ എടിഎമ്മാണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പം ഒരു സൈനികന് ഉള്‍പ്പെടെ മറ്റുരണ്ടുപേരെകൂട്ടി പോലീസ് അറസ്റ്റു ചെയ്തു.
സ്വകാര്യ ബാങ്കിന്റെ പുണെയിലെ ബ്രാഞ്ചില്‍ ജോലി ചെയ്യുന്ന കീര്‍ത്തി ശുഭം (28), ഇയാളുടെ ഭാര്യാസഹോദരനും ജമ്മുവില്‍ ജോലി ചെയ്യുന്ന സൈനികനുമായ വാല്മീകി കുമാര്‍ (32), സുഹൃത്ത് രാഹുല്‍ കുമാര്‍ (28) എന്നിവരാണ് അറസ്റ്റിലായത്. എടിഎം പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാരനായ ഒരാളാണ് പോലീസില്‍ വിവരം അറിയിച്ചത്.
സ്വകാര്യ ഏജന്‍സിയുടെ എടിഎം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് മൂവരും ചേര്‍ന്ന് കീര്‍ത്തി ശുഭം ജോലി ചെയ്യുന്ന ബാങ്കിന്റെ എടിഎം ഇളക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ശ്രമം പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു എടിഎമ്മില്‍ നിന്ന് പണം കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. ആദ്യത്തെ ബാങ്കിന്റെ എടിഎമ്മില്‍ 33 ലക്ഷം രൂപയും രണ്ടാമത്തെ എടിഎമ്മില്‍ 2.5 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നത്.
ഐപിഎല്‍ വാതുവെപ്പില്‍ 10 ലക്ഷം രൂപ നഷ്ടമായെന്നും ഇതുമൂലം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കീര്‍ത്തി ശുഭം ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ദീപാവലി പ്രമാണിച്ച് വാല്മീകി കുമാര്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. എടിഎം കൊള്ളയടിക്കായി കീര്‍ത്തി ഇയാളേയും രാഹുലിനേയും ഒപ്പംചേര്‍ക്കുകയായിരുന്നുവെന്ന് പത്രകര്‍ നഗര്‍ എസ്എച്ച്ഒ മനോരഞ്ജന്‍ ഭാരതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..