കോവളം: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് കടലില്‍ കുളിച്ച വിദേശ പൗരനെ പോലീസ് പിടികൂടി. ലിത്വാന സ്വദേശിയും കോവളം കെ.എസ്.റോഡില്‍ സ്വകാര്യ റിസോര്‍ട്ടിലെ താമസക്കാരനുമായ ജര്‍വിസ് ബൗക്കസിനെ(37) ആണ് കോവളം പോലീസ് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്.
വെള്ളാറിലെ സ്വകാര്യ ഹോട്ടലിനടുത്തുള്ള പാറക്കെട്ടുകള്‍ ഉള്ള ഭാഗത്തുനിന്നു നീന്തി ഗ്രോവ് ബീച്ചിലേക്കു വരുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പോലീസ് ഉദ്യോഗസ്ഥരും ലൈഫ് ഗാര്‍ഡുകളും കണ്ടു. കരയ്ക്കുകയറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ തിരികെ പാറക്കെട്ടിന് അപ്പുറത്തേക്കു നീന്തിപ്പോയി. തുടര്‍ന്ന് ടൂറിസം പോലീസ് കോവളം എസ്.ഐ.യെ വിവരമറിയിച്ചു. ഇവരെത്തി ഇയാള്‍ നീന്തിക്കയറി വന്ന പാറക്കെട്ട് ഭാഗത്തുനിന്നു പിടികൂടുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചശേഷം ഇയാളെ പോലീസ് ചോദ്യംചെയ്തു. ഇയാളുടെ പേരില്‍ 2020-ലെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള പകര്‍ച്ചവ്യാധി നിയമപ്രകാരം കോവളം പോലീസ് കേസെടുത്തു.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ 14-ന് കോവളത്തെ വിവിധ ഹോട്ടലുകളില്‍ താമസിക്കുന്ന 17 വിദേശ പൗരന്‍മാര്‍ കോവളം കടലില്‍ ലോക്ഡൗണ്‍ നിയമം ലംഘിച്ച് ലൈറ്റ്ഹൗസ് ബീച്ചില്‍ കുളിച്ചത് വിവാദമായിരുന്നു.
ഇവര്‍ക്കെതിരേ കോവളം പോലീസ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തിരുന്നു. ഇവരില്‍ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കു ജാമ്യം നല്‍കിയതായി കോവളം പോലീസ് അറിയിച്ചു. വിദേശ പൗരന്‍മാരായതിനാല്‍ മറ്റു നടപടികളും പൂര്‍ത്തിയാക്കാനുണ്ടെന്ന് കോവളം പോലീസ് അറിയിച്ചു.
Content Highlights: lockdown violation; police caught a foreign citizen from kovalam beach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..