ചാവക്കാട്: പുത്തന്‍കടപ്പുറത്ത് പള്ളി കബര്‍സ്ഥാനില്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രാര്‍ഥന നടത്തിയവര്‍ പോലീസിനെ കണ്ട് ഭയന്നോടിയതിനെത്തുടര്‍ന്ന് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പുത്തന്‍കടപ്പുറം ജമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
കബര്‍സ്ഥാനില്‍ പ്രാര്‍ഥന നടക്കുന്നെന്ന വിവരം അറിഞ്ഞ് എസ്.എച്ച്.ഒ. അനിലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. പോലീസിനെ കണ്ട് പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ ഭയന്നോടി. ഇവരെ പിടിക്കാന്‍ പോലീസും പിന്നാലെ ഓടി. സമീപത്തെ രണ്ട് വീടുകളുടെ മുന്നിലൂടെയാണ് ഇവര്‍ ഓടിയത്.
ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. തുടര്‍ന്ന് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുടെ നമ്പരുകള്‍ പോലീസ് കുറിച്ചിട്ടു. എന്നാല്‍ ബൈക്കുകള്‍ വീടുകളിലുള്ളവരുടേതാണെന്നു പറഞ്ഞ് ഈ രണ്ട് വീടുകളിലെയും സ്ത്രീകള്‍ രംഗത്തെത്തി. തുടര്‍ന്ന് പോലീസും സ്ത്രീകളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സ്ത്രീകളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ ഫോണുകള്‍ തിരിച്ചുനല്‍കാതെ വിടില്ലെന്നു പറഞ്ഞ് സ്ത്രീകള്‍ പോലീസ് ജീപ്പ് തടഞ്ഞു. ഫോണുകള്‍ നല്‍കി മടങ്ങിയ പോലീസ് പിന്നീട് മൂന്ന് ജീപ്പുകളിലായി വനിതാ പോലീസ് ഉള്‍പ്പെടെയുള്ളവരുമായി തിരിച്ചെത്തി ബൈക്കുകള്‍ പെട്ടിഓട്ടോറിക്ഷയിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇത് സ്ത്രീകള്‍ തടഞ്ഞതോടെ പോലീസ് ഈ വീടുകളിലേക്ക് കയറുകയും സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ ഇതിനെ ചെറുത്തു. ഇതിനിടെ വീട്ടിലെ ഗര്‍ഭിണിയായ സ്ത്രീ കുഴഞ്ഞുവീണു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും പോലീസ് നടപടി ചോദ്യംചെയ്യുകയും ചെയ്തതോടെ പോലീസ് മടങ്ങിപ്പോയി.
കുന്നത്ത് അസ്‌കറിന്റെ ഭാര്യ ഫറാനത്ത് (27) ആണ് കുഴഞ്ഞുവീണത്. ഇവരെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.എച്ച്.ഒ. അനില്‍ ടി.മേപ്പിള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ആക്രമിച്ചതിനും ലോക്ഡൗണ്‍ ലംഘിച്ചതിനും കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Content Highlights: lockdown violation; clash with police in chavakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..